അമ്മയുടെ മരണം; മകന് പത്തുവർഷം തടവ്; ശിക്ഷ മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക്

മലപ്പുറം: തല ചുമരിലിടിച്ച് അമ്മ മരിച്ച സംഭവത്തില്‍ മകന് പത്തു വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. മലപ്പുറം പോത്തുകല്ല് ഉദിരക്കളം പെരിങ്ങനത്ത് പ്രജിത്ത് കുമാറിനെയാണ്(24) മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ടി. പി. സുരേഷ് ബാബു ശിക്ഷിച്ചത്. പെരിങ്ങനത്ത് ശശിയുടെ ഭാര്യ രാധാമണി (47) മരിച്ച സംഭവത്തിലാണ് കോടതിയുടെ ഉത്തരവ്. മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് ശിക്ഷ.

പിഴയടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷത്തെ അധികതടവ് അനുഭവിക്കണം. കൊലപാതകം, ലൈംഗികാതിക്രമം, തെളിവ് നശിപ്പിക്കല്‍ എന്നിവ ചുമത്തിയാണ് പൊലീസ് പ്രതിക്കെതിരെ കുറ്റപത്രം നൽകിയിരുന്നത്.

2017 ഏപ്രില്‍ പത്തിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മാനസിക വെല്ലുവിളി നേരിടുന്ന രാധാമണിയെ കുളിപ്പിക്കുന്നതിനിടെ പ്രതി ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്നും തടഞ്ഞപ്പോള്‍ തള്ളിയിട്ടെന്നുമായിരുന്നു പ്രോസിക്യൂഷന്‍ കേസ്. ജോലി കഴിഞ്ഞെത്തിയ ഭര്‍ത്താവ് ശശി,​ രാധാമണി അവശനിലയില്‍ കിടക്കുന്നത് കണ്ട് നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരിച്ചു.

തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണത്തിനിടയാക്കിയതെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് വൈകാതെ പ്രജിത്ത് കുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തു. തുടർന്ന് വിവിധ വകുപ്പുകൾ ചേർത്ത് പ്രതിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

ഏറെ കാലം നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിലാണ് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. ചുമരിൽ തലയിടിച്ച് വീണ അമ്മയെ യഥാസമയം ആശുപത്രിയിലെത്തിക്കാന്‍ പ്രതി ശ്രമിച്ചില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയിൽ വാദിച്ചു. പ്രതി തള്ളിയിടുന്നത് കണ്ടെന്ന ബധിരനും മൂകനുമായ സഹോദരന്റെ മൊഴിയും കേസില്‍ നിര്‍ണായകമായി. പ്രതിയുടെ പ്രായവും കുടുംബപശ്ചാത്തലവും പരിഗണിച്ചാണ് ശിക്ഷയില്‍ ഇളവ് നല്‍കിയത്.
___________________________________________________

മകളെ പീഡിപ്പിച്ച പിതാവിന് ആറു വർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും

മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് ആറു വർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ. ആറ്റിങ്ങൽ ചേങ്കോട്ടുകോണം സ്വദേശിയായ ഉണ്ണികൃഷ്ണനെയാണ് ശിക്ഷിച്ചത്. ആറ്റിങ്ങല്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ ( പോക്സോ)​ കോടതി ജഡ്ജ് പ്രഭാഷ് ലാല്‍ ആണ് ശിക്ഷ വിധിച്ചത്.

സ്ഥിരം മദ്യപിച്ചെത്തി വീട്ടിൽ പ്രശ്നമുണ്ടാക്കിയിരുന്ന ഉണ്ണികൃഷ്ണൻ മകളെ ഉപദ്രവിക്കുകയായിരുന്നു. ഭാര്യയ്ക്കും മകൾക്കും മാനസിക അസ്വാസ്ഥ്യമുള്ള മകനുമൊപ്പം താമസിച്ചുവരവെയാണ് സംഭവം. ഉണ്ണികൃഷ്ണൻ മകളെ പീഡിപ്പിച്ച വിവരം ആദ്യ ഭാര്യയിലെ മകന്‍ ചൈല്‍ഡ് ലൈനില്‍ അറിയച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് പൊലീസ് കേസെടുക്കുകയും ഉണ്ണികൃഷ്ണനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവം നടക്കുമ്പോൾ മകൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ പ്രതിക്കെതിരെ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ അനുസരിച്ചാണ് കേസ് രജിസ്റ്റർ ചെയ്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍