Kerala news
സമൃദ്ധിയുടെ പ്രതീകമായ ഓണത്തെ വരവേറ്റ് കേരളം ; ഓണത്തിന്റെ ചരിത്രവും പ്രസക്തിയും അറിയാം
ശ്രാവണത്തിന്റെ മറ്റൊരു പേരാണ് സാവണം. ആ പേര് ലോപിച്ച് ആവണം ആയി മാറിയെന്നും പിന്നീട് അത് ഓണമായി കരുതപ്പെടുന്നു.
നിറത്തിന്റെയും രുചികളുടെയും ഉത്സവമാണ് ഓണം. പാകം ചെയുന്ന വിഭവങ്ങള്‍ മുതല്‍ വിളമ്പുന്ന വാഴയിലയില്‍ വരെ നിരവധി ചിട്ടകളും ഐതീഹ്യങ്ങളും നിറഞ്ഞു നില്‍ക്കുന്ന വിഭവ സമൃദ്ധമായ സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും ഉത്സവം. കാണം വിറ്റും ഓണം ഉണ്ണണം എന്ന് പറയാറുണ്ട്. അറിയാം ഓണത്തിനു പിന്നിലെ ചരിത്രം
പേരിനു പിന്നില്‍
കര്‍ക്കിടകത്തിന്റെയും മഴക്കാലത്തിന്റെയും പഞ്ഞകാലം കടന്ന് ആളുകള്‍ വാണിജ്യം പുനരാരംഭിക്കുന്ന കാലമാണ് ശ്രാവണമാസം. ശ്രാവണത്തിന്റെ മറ്റൊരു പേരാണ് സാവണം. ആ പേര് ലോപിച്ച് ആവണം ആയി മാറിയെന്നും പിന്നീട് അത് ഓണമായി കരുതപ്പെടുന്നു.
ഓണം ഐതിഹ്യങ്ങള്‍
ഓണത്തെ ചൊല്ലി നിരവധി ഐതീഹ്യങ്ങള്‍ ഉണ്ട്. അവയില്‍ ചിലതിനെ പറ്റി അറിയാം
മഹാബലി
വാമനന്‍ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയ പ്രജാവത്സലനനായ മഹാബലിയെന്ന രാജാവ് തന്റെ ജനങ്ങളെ കാണാന്‍ തിരുവോണ ദിവസം എത്തുന്നുവെന്നാണ് ഓണക്കാലത്തെ കുറിച്ചുള്ള ഐതിഹ്യം. ഓണത്തെ കുറിച്ച് ഐതിഹ്യങ്ങള്‍ പലതുണ്ടെങ്കിലും കേരളത്തിന് ഓണമെന്നത് വിളവെടുപ്പിന്റെയും സമൃദ്ധിയുടേയും ഉത്സവം കൂടിയാണ്.
പരശുരാമന്‍
പരശുരാമ കഥയുമായി ബന്ധപ്പെട്ട മറ്റൊരു ഐതിഹ്യവും ഓണത്തെ സംബന്ധിച്ചുണ്ട്. വരുണനില്‍ നിന്ന് കേരളക്ഷേത്രത്തെ മോചിപ്പിച്ച് ബ്രാഹ്‌മണര്‍ക്ക് ദാനം നല്‍കിയ പരശുരാമന്‍ അവരുമായി പിണങ്ങിപ്പിരിയുന്നു. മാപ്പപേക്ഷിച്ച ബ്രാഹ്‌മണരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് വര്‍ഷത്തിലൊരിക്കല്‍ തൃക്കാക്കരയില്‍ അവതരിക്കുമെന്ന് പരശുരാമന്‍ വാഗ്ദാനം ചെയ്യുന്നു. ഈ ദിവസമാണ് ഓണമെന്നും സങ്കല്‍പ്പമുണ്ട്.
ശ്രീബുദ്ധന്‍
സിദ്ധാര്‍ത്ഥ രാജകുമാരന്‍ ബോധോദയത്തിന് ശേഷം ശ്രവണപദത്തിലേക്ക് പ്രവേശിച്ചത് ശ്രാവണ മാസത്തിലെ തിരുവോണ നാളിലായിരുന്നുവെന്ന് ബുദ്ധമതാനുയായികള്‍ വിശ്വസിക്കുന്നു. ബുദ്ധമതത്തിന് ആധിപത്യമുണ്ടായിരുന്ന അന്നത്തെ കേരളം ഈ ശ്രാവണപദ സ്വീകാരം ആഘോഷപൂര്‍വ്വം അനുസ്മരിപ്പിക്കുന്നതാണ് ഓണമെന്ന് അവര്‍ സമര്‍ത്ഥിക്കുന്നു. ശ്രാവണം ലോപിച്ച് ഓണം ആയത് ഇതിന് ശക്തമായ തെളിവാണ്.
ചേരമാന്‍ പെരുമാള്‍
മലബാര്‍ മാന്വലിന്റെ കര്‍ത്താവായ ലോഗന്‍ ഓണാഘോഷത്തെ ചേരമാന്‍പെരുമാളുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. പെരുമാള്‍ ഇസ്ലാംമതം സ്വീകരിച്ച് മക്കത്തു പോയത് ചിങ്ങമാസത്തിലെ തിരുവോണത്തിന്‍ നാളിലായിരുന്നുവെന്നും ഈ തിര്‍ത്ഥാടനത്തെ ആഘോഷപൂര്‍വ്വം അനുസ്മരിപ്പിക്കുന്നതാണ് ഓണാഘോഷത്തിന് നിമിത്തമായതെന്നും ലോഗന്‍ ഓണത്തെപ്പറ്റി എഴുതിയിട്ടുണ്ട്.
സമുദ്രഗുപതന്‍-മന്ഥരാജാവ്
ക്രി.വ. നാലാം ശതകത്തില്‍ കേരളരാജ്യത്തിന്റെ തലസ്ഥാനം തൃക്കാക്കരയായിരുന്നു. ഓണം നടപ്പാക്കിയത് അന്ന് ഇവിടം ഭരിച്ചിരുന്ന മന്ന രാജാവ് ആണ് എന്ന് അലഹബാദ് ലിഖിതങ്ങളില്‍ ഉള്ളതിനാല്‍ ഇത് ഒരു ചരിത്ര വസ്തുതയാകാമെന്ന് ചിലര്‍ കരുതുന്നു. അതില്‍ രേഖപ്പെടുത്തിയിരിക്കുന്ന മന്ഥാതാവ് പ്രസിദ്ധനായിരുന്ന കേരള രാജാവായിരുന്നു. സമുദ്രഗുപ്തന്‍ ദക്ഷിണേന്ത്യ ആക്രമിച്ച കൂട്ടത്തില്‍ തൃക്കാക്കര ആക്രമിക്കുകയും എന്നാല്‍ മന്ഥരാജാവ് നടത്തിയ പ്രതിരോധത്തിലും സാമര്‍ത്ഥ്യത്തിലും ആകൃഷ്ടനായ സമുദ്രഗുപ്തന്‍ സന്ധിക്കപേക്ഷിക്കുകയും തുടര്‍ന്ന് കേരളത്തിനഭിമാനാര്‍ഹമായ യുദ്ധപരിസമാപ്തിയില്‍ ആ യുദ്ധവിജയത്തിന്റെ സ്മരണക്കായി രാഷ്ട്രീയോത്സവമായി ഓണം ആഘോഷിക്കാന്‍ രാജാവ് വിളംബരം പുറപ്പെടുവിക്കുകയും ചെയ്തു എന്നും ലിഖിതങ്ങളില്‍ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍