വരുമോ കോവിഡ്-22 ? അറിയാം ഈ വസ്തുതകള്‍
കോവിഡ് മഹാമാരിയുടെ ആരംഭകാലം മുതല്‍ ആഗോളതലത്തില്‍ ഉയര്‍ന്നു വന്ന ഒരു പ്രശ്നമാണ് വ്യാജവാര്‍ത്തകള്‍. കൊറോണ വൈറസിനെ കുറിച്ചുള്ള വ്യാജവാര്‍ത്തകളും അര്‍ധസത്യങ്ങളും വൈറസിനേക്കാൾ പതിന്മടങ്ങ് വേഗത്തിലാണ് പടര്‍ന്നത്. ലോകാരോഗ്യ സംഘടന ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ ഈ പ്രവണതയ്ക്കെതിരെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്‍റുകള്‍ ഫാക്ട് ചെക്ക് യൂണിറ്റുകള്‍ വരെ വ്യാജവാര്‍ത്തകളെ പൊളിക്കാന്‍ സജ്ജമാക്കി. എന്നിട്ടും ഇന്നും നമ്മുടെ ഇടയില്‍ പ്രത്യേകിച്ച് വാട്ട്സ്ആപ്പ് പോലുള്ള സമൂഹ മാധ്യമങ്ങളില്‍ കോവിഡ് സംബന്ധമായി പല വ്യാജവാര്‍ത്തകളും വിലസി നടക്കുന്നു.
ഇക്കൂട്ടത്തില്‍ ഏറ്റവുമൊടുവില്‍ വന്ന ഒന്നാണ് കോവിഡ്-22 മഹാമാരി. കോവിഡ്19നേക്കാൾ മാരകമായി കോവിഡ്-22 വരും വര്‍ഷങ്ങളില്‍ എത്തുമെന്നായിരുന്നു പ്രചരണം. സ്വിറ്റ്സര്‍ലന്‍ഡിലെ സൂറിച്ച് സര്‍വകലാശാലയിലെ വൈറോളജിസ്റ്റായ പ്രഫ. സായ് റെഡ്ഡി നല്‍കിയ ഒരു അഭിമുഖത്തിലെ സംഭാഷണം അടര്‍ത്തിമാറ്റി വളച്ചൊടിച്ചാണ് കോവിഡ്22 എത്തുമെന്ന പ്രചാരണം ഉണ്ടായത്. കുറഞ്ഞ സമയത്തിനുള്ളില്‍ ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളില്‍ കോവിഡ്22 ട്രെന്‍ഡിങ്ങായി.
വാക്സിനേഷന് ഗതിവേഗം വര്‍ദിപ്പിച്ചില്ലെങ്കില്‍ കൂടുതല്‍ ശേഷി കൂടിയ കോവിഡ് വകഭേദങ്ങള്‍ ഉയര്‍ന്നു വരാനുള്ള സാധ്യതകളെ പറ്റിയാണ് പ്രഫ. റെഡ്ഡി സ്വിസ്-ജര്‍മന്‍ പത്ര റിപ്പോര്‍ട്ടറോട് സംസാരിച്ചത്. എന്നാല്‍ പറഞ്ഞ കാര്യങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് കൂടുതല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു വന്നപ്പോള്‍ സംഗതി കൈവിട്ടു പോയി. കോവിഡ്22 വരുമെന്നും ഇതു വരെ കണ്ട മട്ടിലാവില്ല അതിലും ഭീകരമായിരിക്കും പ്രത്യാഘാതങ്ങളെന്നും വ്യാജവാര്‍ത്തകള്‍ പരന്നു.
എന്നാല്‍ ഇത്തരം സാധ്യതകളെ ആരോഗ്യ വിദഗ്ധര്‍ തള്ളിക്കളയുന്നു. വൈറസുകളുടെ പേര് അത് ആദ്യം കണ്ടെത്തിയ വര്‍ഷം അടിസ്ഥാനമാക്കി ആയതിനാല്‍ 2021ആയാലും 2022 ആയാലും കോവിഡ്22 എന്നൊരു മഹാമാരി ഉണ്ടാകില്ല. നിലവിലെ വാക്സിനേഷനുകള്‍ ഈ വിധം തുടര്‍ന്നാല്‍ മഹാമാരി എന്ന നില വിട്ട് പ്രാദേശികമായ പടരുന്ന പകര്‍ച്ചവ്യാധികളെന്ന നിലയിലേക്ക് കോവിഡിന്‍റെ രൂപം മാറാനാണ് സാധ്യതയെന്ന് പല വൈറോളജിസ്റ്റുകളും അഭിപ്രായപ്പെടുന്നു. തന്‍റെ അഭിമുഖം കോവിഡ്22 വരുന്നു എന്ന നിലയ്ക്ക് ഭീതി പരത്തി പരത്താന്‍ തുടങ്ങിയതോടെ പ്രഫ റെഡ്ഡിയും വിശദീകരണവുമായി രംഗത്തെത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍