പതിനഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി; യുവാവിന് മരണം വരെ കഠനതടവ് ശിക്ഷ


തിരുവനന്തപുരം: പതിനഞ്ചുവയസുകാരിയെ ബാലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയായ യുവാവിന് മരണം വരെ കഠിന തടവും 75000 രൂപ പിഴ ശിക്ഷയും.

ചെങ്കല്‍ മര്യാപുരം സ്വദേശി ഷിജു (26)വിനെയാണ് തിരുവനന്തപുരം അതിവേഗ കോടതി ശിക്ഷിച്ചത്. പോക്‌സോ വകുപ്പ് പ്രകാരമാണ് മരണം വരെ തടവുശിക്ഷയ്ക്ക് കോടതി വിധിച്ചത്.

പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. 2019 ജനുവരി മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ വീടിനടുത്ത് മരപ്പണിക്ക് വന്ന പ്രതി പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കാണ് എന്നറിഞ്ഞതോടെ വെള്ളം ആവശ്യപ്പെട്ട് എത്തുകയായിരുന്നു.

വെള്ളമെടുക്കാനായി പെണ്‍കുട്ടി വീടനകത്തേക്ക് പോയതോടെ പ്രതിയും പിന്നാലെ അകത്തു കയറുകയും വാതിലടച്ചശേഷം കുട്ടിയെ ഉപദ്രവിക്കുകയുമായിരുന്നു.

സംഭവം പുറത്തുപറഞ്ഞാല്‍ വീട്ടുകാരെയടക്കം കൊല്ലുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. മൂന്ന് മാസങ്ങള്‍ക്ക് ശേഷം കുട്ടി ഗര്‍ഭിണിയായപ്പോഴാണ് വീട്ടുകാര്‍ വിവരം അറിയുന്നത്. തുടര്‍ന്ന് പൂജപ്പുര പൊലീസ് കേസെടുക്കുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍