കോഴിക്കോട്
സെമികാഡറായി മാറിത്തുടങ്ങി കോണ്‍ഗ്രസ്: ഉണര്‍വേകാന്‍ സിയുസികളും വരുന്നു
കോഴിക്കോട് : സംഘടനാതലത്തിൽ സെമികാഡർ സംവിധാനത്തിന് തുടക്കം കുറിച്ച് ജില്ലാ കോൺഗ്രസ് നേതൃയോഗം. നിഷ്ക്രിയരായ നേതാക്കൾ ആറുമാസത്തിനപ്പുറം സ്ഥാനത്തുണ്ടാവില്ലെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ എം.പി. മുന്നറിയിപ്പ് നൽകി.
സ്വന്തം പാർട്ടിയുടെ സ്ഥാനാർഥികളെ തോൽപ്പിക്കുന്ന നേതാക്കളെ നമുക്ക് വേണോ? ഇത്തരക്കാരെക്കുറിച്ചുള്ള അന്വേഷണറിപ്പോർട്ട് പ്രസിദ്ധീകരിക്കും. അത്തരക്കാർക്കെതിരേ നടപടിയെടുക്കും. പാർട്ടിക്ക് വിധേയരാകാത്തവരെ വെച്ചുപൊറുപ്പിക്കില്ല. സാമൂഹിക മാധ്യമങ്ങളിലൂടെ നേതാക്കളെ വെല്ലുവിളിക്കുന്ന സംസ്കാരമുള്ള പാർട്ടിയെക്കുറിച്ച് പൊതുജനങ്ങൾക്ക് എന്തുമതിപ്പാണുണ്ടാവുക? അച്ചടക്കം പഠിക്കാൻ പ്രവർത്തകർക്ക് കൈപ്പുസ്തകം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
വർക്കിങ് പ്രസിഡന്റുമാരായ പി.ടി. തോമസ് എം.എൽ.എ., കൊടിക്കുന്നിൽ സുരേഷ് എം.പി., ടി. സിദ്ദിഖ് എം.എൽ.എ. എന്നിവരും പുതിയ പ്രവർത്തനരീതിയിലേക്ക് മാറേണ്ടതിനെക്കുറിച്ചാണ് പറഞ്ഞത്.
യോഗത്തിന്റെ സംഘാടനത്തിലും സെമികാഡർ ശൈലി പ്രകടമായിരുന്നു. ഭാരവാഹികളുടെ പേരുകൾ രേഖപ്പെടുത്തി പ്രത്യേക നമ്പറുകൾ നൽകിയാണ് ഇരിപ്പിടങ്ങൾ സജ്ജീകരിച്ചത്. ക്ഷണിക്കപ്പെട്ട ഭാരവാഹികൾക്ക് മാത്രമായിരുന്നു പ്രവേശനം. നേതൃയോഗത്തിൽ പങ്കെടുക്കാത്ത മണ്ഡലം പ്രസിഡന്റുമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകും. മറുപടി തൃപ്തികരമല്ലെങ്കിൽ അവരെ മാറ്റാനും കെ.പി.സി.സി. പ്രസിഡന്റ് നിർദേശിച്ചു.
ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ അധ്യക്ഷനായി. എം.കെ. രാഘവൻ എം.പി., എൻ. സുബ്രഹ്മണ്യൻ, പി.എം. നിയാസ്, കെ.എം. അഭിജിത്ത്, കെ. ബാലനാരായണൻ, കെ.സി. അബു, യു. രാജീവൻ, പി.എം. അബ്ദുറഹ്മാൻ, ചോലയ്ക്കൽ രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
വിവിധ പാർട്ടികളിൽനിന്ന് രാജിവെച്ച് കോൺഗ്രസിലേക്ക് എത്തിയ കൊടുവള്ളി മേഖലയിൽ നിന്നുള്ള 44 യുവാക്കളെ കെ. സുധാകരൻ ത്രിവർണ ഷാളണിയിച്ച് പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.
‘ ഗിഫ്റ്റ് ഓഫ് ഉമ്മച്ചി’ എന്ന ഹോം സിനിമ സംവിധാനം ചെയ്ത തിരുവമ്പാടി നിയോജകമണ്ഡലം യു.ഡി.എഫ്. ചെയർമാൻ കെ.ടി. മൻസൂറിനെ ആദരിച്ചു. ഖത്തറിൽ മരിച്ച ഫോട്ടോഗ്രാഫർ അൻവർ സാദത്തിന്റെ കുടുംബത്തിന് ഖത്തർ ഇൻകാസിന്റെ സഹായധനം കെ. സുധാകരൻ കൈമാറി.
ഉണർവേകാൻ യൂണിറ്റ് കമ്മിറ്റികൾ വരുന്നു; സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
ഡിസംബർ 28-ന് കോൺഗ്രസ് ജന്മദിനത്തിൽ ഒന്നേകാൽ ലക്ഷത്തിലേറെ സി.യു.സി.കളാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ നിലവിൽവരുന്ന സി.യു.സി.കളുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 30-ന് രാവിലെ ഒമ്പതിന് പാലക്കാട് കരിമ്പുഴ ആറ്റാശ്ശേരിയിൽ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ നിർവഹിക്കും. കോൺഗ്രസിന്റെ താഴേത്തട്ടിലെ സംഘടനാ സംവിധാനം കാര്യക്ഷമമല്ലെന്ന് സർവേയിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സി.യു.സി.കൾ രൂപവത്കരിക്കാൻ തീരുമാനിച്ചതെന്ന് കെ. സുധാകരൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഇതിന്റെ ഭാഗമായുള്ള കാഡർക്യാമ്പുകളിൽ വലിയ ആവേശത്തോടെയാണ് പ്രവർത്തകർ പങ്കെടുക്കുന്നത്. എ.ഐ.സി.സി.യും ഇതിനെ അഭിനന്ദിച്ചിട്ടുണ്ട്.
സെമികാഡർ സംവിധാനത്തിലേക്കുള്ള മാറ്റം നിർത്തിവെക്കാൻ എ.ഐ.സി.സി. നിർദേശിച്ചുവെന്ന വാർത്തകൾ തെറ്റാണ്. രാഷ്ട്രീയകാര്യസമിതിയിൽ ചർച്ച ചെയ്താണ് സി.യു.സി. ഉൾപ്പെടെയുള്ള തീരുമാനങ്ങളെടുത്തത്-സുധാകരൻ വ്യക്തമാക്കി.
എന്താണ് സി.യു.സി.?
വർഗീയതയെയും വെറുപ്പിന്റെ രാഷ്ട്രീയത്തെയും പ്രതിരോധിച്ച് ജനവിശ്വാസം ഊട്ടിയുറപ്പിക്കാൻ ഗാന്ധിയൻ മൂല്യങ്ങളിലധിഷ്ഠിതമായ പ്രവർത്തനങ്ങളാണ് സി.യു.സി.കളിലൂടെ ലക്ഷ്യമിടുന്നത്.
മതനിരപേക്ഷത, പരിസ്ഥിതിസംരക്ഷണം, സ്ത്രീശാക്തീകരണം, വിദ്യാർഥി കൂട്ടായ്മകൾ, ലഹരിവിരുദ്ധ പ്രവർത്തനം, സാംസ്കാരികപ്രവർത്തനം, കൃഷിപിന്തുണ, ഓൺലൈൻ പഠനപിന്തുണ, ജീവകാരുണ്യപ്രവർത്തനം തുടങ്ങിയവയാണ് പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഒക്ടോബർ രണ്ടിന് എല്ലാ ജില്ലകളിലെയും തിരഞ്ഞെടുത്ത മണ്ഡലങ്ങളിൽ സി.യു.സി. നിലവിൽ വരും. ഓരോ യൂണിറ്റിന്റെയും ഉദ്ഘാടനം എങ്ങനെ വേണം എന്നതുൾപ്പെടെയുള്ള വിശദമായ പ്രവർത്തന മാർഗരേഖ കെ.പി.സി.സി. നൽകിയിട്ടുണ്ട്. സ്ത്രീപങ്കാളിത്തം ഉറപ്പാക്കണമെന്ന് കർശനനിർദേശം ഉണ്ട്.
ജില്ലാതല റിസോഴ്സ് ഗ്രൂപ്പിന് ഒക്ടോബർ ആദ്യവാരം രണ്ടുദിവസത്തെ പരിശീലനം നൽകും. ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാർക്കും പരിശീലനം നൽകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍