യുപി കര്‍ഷകവേട്ട; ഡല്‍ഹിയില്‍ കൃഷ്ണപ്രസാദ് അടക്കമുള്ള ഇടത് നേതാക്കള്‍ക്ക് നേരെ പൊലീസിന്റെ അതിക്രമം
ഉത്തര്‍പ്രദേശിലെ കര്‍ഷകവേട്ടക്കെതിരെ ഡല്‍ഹിയില്‍ നടന്ന പ്രതിഷേധത്തിനിടെ കര്‍ഷകസംഘടന നേതാക്കള്‍ക്ക് നേരെ പൊലീസിന്റെ അതിക്രമം. അഖിലേന്ത്യാ കിസാന്‍സഭ അഖിലേന്ത്യാ ട്രഷറര്‍ പി കൃഷ്ണപ്രസാദ് അടക്കമുള്ള നേതാക്കളെയാണ് പൊലീസ് മര്‍ദ്ദിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത്. വലിച്ചിഴച്ചുകൊണ്ടുപോയി വാനിലേക്ക് കയറ്റുന്നതിനിടെ പൊലീസ് കൃഷ്ണപ്രസാദിനെ മര്‍ദ്ദിക്കുകയായിരുന്നു. പൊലീസ് ബാരിക്കേഡിനുമുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നതിനിടെയായിരുന്നു മര്‍ദ്ദനം.
യുപി സര്‍ക്കാരിനെതിരെ ഡല്‍ഹിയില്‍ പോലും പ്രതിഷേധം അനുവദിക്കില്ലെന്ന നിലപാടാണ് പൊലീസ് കൈക്കൊണ്ടതെന്ന് സിപിഐഎം സംഭവത്തോട് പ്രതികരിച്ചു. കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അജയ് കുമാര്‍ മിശ്രയുടെ മകന്‍ വാഹനമോടിച്ചു കയറ്റി നാല് കര്‍ഷകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
അതേസമയം, സംഭവത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. വിരമിച്ച ഹൈക്കോടതി ജഡ്ജിയാണ് സംഭവം അന്വേഷിക്കുന്നത്. കൊല്ലപ്പെട്ട നാല് കര്‍ഷകരുടെ കുടുംബത്തിന് 45 ലക്ഷ രൂപ വീതവും ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. പരുക്കേറ്റവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും നല്‍കുമെന്ന് സര്‍ക്കാര്‍ പ്രതിഷേധക്കാര്‍ക്ക് ഉറപ്പ് നല്‍കി. ഇതോടെ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി വിട്ടുനല്‍കി. 10 പേരാണ് സംഘര്‍ഷത്തിനിടെ മരിച്ചത്. ഇതില്‍ നാലു പേരെ കേന്ദ്രസഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര സഞ്ചരിച്ച വാഹനം ഇടിച്ചുകയറ്റിയാണ് കൊന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍