കോഴിക്കോട്ട് പട്ടാപ്പകല്‍ വിദ്യാര്‍ഥിനിക്കുനേരെ ലൈംഗികാതിക്രമം; പെണ്‍കുട്ടിതന്നെ യുവാവിനെ പിടികൂടി
കോഴിക്കോട്: ട്യൂഷൻ ക്ലാസ് കഴിഞ്ഞു വരുന്നതിനിടെ പ്ലസ് വൺ വിദ്യാർഥിനിക്ക് നേരെ പട്ടാപ്പകൽ യുവാവിന്റെ ലൈംഗികാതിക്രമം. കോഴിക്കോട് നഗരത്തിൽ രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. യുവാവിനെ വിദ്യാർഥിനി തന്നെ പിടികൂടി പോലീസിലേൽപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് പാളയം സ്വദേശിയായ ബിജു(30)വിനെ കസബ പോലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാർഥിനി രാവിലെ ക്ലാസ് കഴിഞ്ഞ് പഠിക്കുന്ന സ്കൂളിനടുത്ത് എത്തിയപ്പോൾ പുറകെ എത്തിയ ബിജു കടന്നുപിടിക്കുകയായിരുന്നു.
പിന്നാലെ ഇയാൾ കുതറിയോടി മറ്റൊരു വിദ്യാർഥിനിയേയും ശല്യപ്പെടുത്താൻ ശ്രമിച്ചു. തുടർന്ന് ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വിദ്യാർഥിനി തന്നെ ഇയാളെ പിന്തുടർന്ന് ഷർട്ടിൽ പിടിച്ച് വീഴ്ത്തുകയായിരുന്നു. ഇതോടെ നാട്ടുകാർ തടിച്ചുകൂടുകയും ബിജുവിനെ തടഞ്ഞുവെക്കുകയും ചെയ്തു. പിങ്ക് പോലീസ് എത്തിയാണ് ബിജുവിനെ കസ്റ്റഡിയിലെടുത്തത്.
ഇയാൾ മാനസികാസ്വാസ്ഥ്യമുള്ളതുപോലെ പെരുമാറുന്നതായി പോലീസ് പറഞ്ഞു. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും. ഇയാൾക്കെതിരേ പോക്സോ കേസ് ചുമത്തുമെന്ന് പോലീസ് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍