90 ലക്ഷത്തിന്റെ ഇടപാട്; ബിജിഷയുടെ മരണത്തിന് പിന്നില്‍ വായ്പ ആപ്പുകള്‍?


കോഴിക്കോട് • കൊയിലാണ്ടി ചേലിയ സ്വദേശിയായ യുവതിയുടെ ആത്മഹത്യയ്ക്കു പിന്നില്‍ വായ്പാ ആപ്പുകളെന്ന് സംശയം. കാര്യമായ സാമ്പത്തിക പ്രയാസങ്ങളില്ലാത്ത ബിജിഷ (31) മരണത്തിനു മുന്‍പ് ലക്ഷങ്ങളുടെ ഇടപാടുകളാണ് നടത്തിയത്. മരണത്തിനു പിന്നിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആക്‌ഷൻ കമ്മറ്റി രൂപീകരിച്ചു.

കഴിഞ്ഞ ഡിസംബര്‍ 11നാണ് ബിജിഷ ആത്മഹത്യ ചെയ്തത്. വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ലാതിരുന്ന ബിജിഷയുടെ മരണം ബന്ധുക്കളെയും അയല്‍വാസികളെയുമെല്ലാം ഞെട്ടിച്ചു. മരണത്തിനുശേഷം രണ്ടു മാസമാകുന്ന ഘട്ടത്തിലാണ് ബിജിഷയുടെ രണ്ടു ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി 90 ലക്ഷം രൂപയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്ന് മനസ്സിലാകുന്നത്.

13 ലക്ഷം രൂപയാണ് ഒരാള്‍ക്ക് കൈമാറിയ വലിയ തുക. മറ്റൊരാള്‍ക്ക് 8 ലക്ഷവും നല്‍കിയിട്ടുണ്ട്. ബാക്കി ഇടപാടുകളെല്ലാം ചെറിയ തുകകളാണ്. ഇവ ആര്‍ക്ക്, എന്തിന് നല്‍കിയെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇതിനു പുറമെ വിവാഹത്തിനുവേണ്ടി അച്ഛന്‍ കരുതിവച്ച 35 പവന്‍ സ്വര്‍ണവും ബിജിഷ പണയംവച്ചിട്ടുണ്ട്.

ആത്മഹത്യയുടെ ഏതാനും ആഴ്ചകൾക്കു മുന്‍പ് ബിജിഷയെ തേടി നിരന്തരം ഫോണ്‍വിളികള്‍ വന്നിരുന്നു. ഇതില്‍ പലരോടും സംസാരിക്കാന്‍ ബിജിഷ ഭയപ്പെട്ടു. മരണത്തിന്‍റെ അന്നും ബിജിഷയെ തേടി വിവിധ നമ്പറുകളില്‍നിന്നു ഫോണ്‍വിളികള്‍ എത്തി. സ്വകാര്യ ടെലികോം കമ്പനിയുടെ സ്റ്റോറിലായിരുന്നു ബിജിഷയ്ക്കു ജോലി. ബിഎഡ് ബിരുദധാരിയാണ്. ബിജിഷയെ പോലെ കൂടുതല്‍ പേര്‍ വായ്പാ ആപ്പുകളില്‍ അകപ്പെട്ടിട്ടുണ്ടോ എന്നും നാട്ടുകാര്‍ സംശയിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍