മുസ്‌ലിം സംഘടനകള്‍ വിളിക്കുന്ന യോഗങ്ങളില്‍ പങ്കെടുക്കേണ്ടതില്ല: സമസ്ത


കോഴിക്കോട്: ഇസ്‌ലാമിക സംഘടനകള്‍ വിളിക്കുന്ന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുക്കേണ്ടതില്ലെന്ന് വ്യക്തമാക്കി സമസ്ത. സമിതി വിളിച്ചുചേര്‍ക്കുന്ന യോഗങ്ങള്‍ രാഷ്ട്രീയ ചര്‍ച്ചകളിലേക്ക് വഴിമാറുന്നുവെന്ന വിമര്‍ശനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

അടിയന്തിരഘട്ടങ്ങളില്‍ പാണക്കാട് തങ്ങള്‍ വിളിക്കുന്ന യോഗത്തില്‍ പങ്കെടുക്കുമെന്നും സമസ്ത അറിയിച്ചു. കഴിഞ്ഞ ദിവസം ചേളാരിയില്‍ ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ യോഗത്തിലാണ് സമസ്തയുടെ പുതിയ തീരുമാനം.

സമസ്ത രാഷ്ട്രീയ പാര്‍ട്ടി അല്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഒരു സ്ഥിരം കോ-ഓര്‍ഡിനേഷന്‍ സമിതി ആവശ്യമില്ല എന്ന നിലപാടിലാണ് സമസ്ത.

ആവശ്യമെങ്കില്‍ മാത്രം ഇത്തരം സമിതികള്‍ രൂപീകരിച്ചാല്‍ മതി. മറ്റ് സംഘടനകള്‍ക്ക് ലഭിക്കുന്ന പ്രാതിനിധ്യം പലപ്പോഴും സമസ്തയ്ക്ക് ഇത്തരം കമ്മറ്റികളില്‍ ലഭിക്കുന്നില്ലെന്നും യോഗത്തില്‍ പറഞ്ഞു.

കോര്‍ഡിനേഷന്‍ സമിതി യോഗങ്ങളില്‍ ചെറിയ സംഘടനകളില്‍ നിന്ന് പോലും ഒന്നില്‍ കൂടുതല്‍ പ്രതിനിധികള്‍ പങ്കെടുക്കാറുണ്ട്. എന്നാല്‍ ഏറ്റവും വലിയ സംഘടനയായ സമസ്തയില്‍നിന്ന് പലപ്പോഴും ഒരു പ്രതിനിധിയാണ് യോഗത്തില്‍ പങ്കെടുക്കാറുള്ളത്. ഇത്തരം യോഗങ്ങളില്‍ ചെറിയ സംഘടനകള്‍ക്ക് അര്‍ഹിക്കുന്നതിലും പ്രധാന്യം ലഭിക്കുന്നതായും അത്തരം രീതികള്‍ക്ക് വഴങ്ങിക്കൊടുക്കേണ്ടെന്നുമാണ് സമസ്തയുടെ വിശദീകരണം.

പല വിവാദങ്ങളിലേക്കും രാഷ്ട്രീയമായി വലിച്ചിഴക്കപ്പെട്ടതോടെ സമസ്തയുടെ സ്വതന്ത്ര നിലപാടുകളും യോഗത്തില്‍ വിമര്‍ശിക്കപ്പെട്ടു. അതേസമയം, പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ പള്ളികളില്‍ ബോധവത്കരണം നടത്താനും സമസ്ത ഖത്തീബുമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബില്ലിനെതിരെ കേന്ദസര്‍ക്കാറിന് കൂട്ട ഇ മെയില്‍ അയക്കുന്നതിനുള്ള സൗകര്യം പള്ളികളില്‍ ഒരുക്കാനും യോഗം നിര്‍ദേശിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍