ഒരിടത്തും യാത്രക്കാരെ തടഞ്ഞിട്ടില്ല, ഒക്കെ മാധ്യമസൃഷ്ടി: വിജയരാഘവൻ


തിരുവനന്തപുരം: സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിലുള്ള പണിമുടക്കിന്റെ ഭാഗമായി ഒരിടത്തും യാത്രക്കാരെ തടഞ്ഞിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ. അക്രമ സംഭവങ്ങൾ മാധ്യമ സൃഷ്ടിയാണെന്നും വിജയരാഘവൻ പറഞ്ഞു.

'ഒരിടത്തും യാത്രക്കാരെ തടഞ്ഞിട്ടില്ല. മാധ്യമങ്ങൾ തടഞ്ഞിട്ടുണ്ടാകും. തടയുകയായിരുന്നെങ്കിൽ കേരളം ഇങ്ങനെയാണോ, വളരെ സമാധാനപരമായിട്ടാണ് സമരം. ആരെങ്കിലും പരിക്കേറ്റ് ആശുപത്രിയിലുണ്ടോ. അങ്ങനെയുള്ള സംഭവങ്ങളൊന്നും നിങ്ങൾക്ക് റിപ്പോർട്ട് ചെയ്യാൻ സാധിച്ചിട്ടില്ല. തൊഴിലാളികൾ അവരുടെ കൂലി നഷ്ടപ്പെടുത്തിയാണ് സമരം ചെയ്യുന്നത്. രണ്ടു ദിവസത്തെ വരുമാനം നഷ്ടപ്പെടുത്തിയാണ് തൊഴിലാളികൾ ജനങ്ങൾക്ക് വേണ്ടി സമരത്തിനിറങ്ങിയിട്ടുള്ളത്. അതുകൊണ്ട് ഈ സമരത്തെ നമ്മൾ ആക്ഷേപിക്കാൻ പാടില്ല' വിജയരാഘവൻ പറഞ്ഞു.

പണിമുടക്കിനോടനുബന്ധിച്ചുള്ള അക്രമങ്ങൾ പർവതീകരിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻക്കുട്ടി പറഞ്ഞു. തൊഴിലാളികളുടെ പ്രയാസങ്ങളേയും ബുദ്ധിമുട്ടുകളേയും കാണാതെ ഏതെങ്കിലും ഒരു സ്ഥലത്ത് നടക്കുന്ന സംഭവങ്ങളെ പർവതീകരിച്ച് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍