വൈദ്യുതി നിരക്ക് മേയ് ഒന്ന് മുതൽ വർധിച്ചേക്കും; നടപടി തുടങ്ങി റഗുലേറ്ററി കമ്മിഷന്‍

നിരക്ക് കൂട്ടാനുള്ള വൈദ്യുതി ബോര്‍ഡിന്റെ അപേക്ഷയിന്മേല്‍ വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ നടപടി തുടങ്ങി. പൊതുജനങ്ങള്‍ നേരിട്ട് അഭിപ്രായം രേഖപ്പെടുത്താനുള്ള പൊതു തെളിവെടുപ്പ് ഈ മാസം 28 ന് കോഴിക്കോട് തുടങ്ങും. ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് യൂണിറ്റിന് 25 പൈസമുതല്‍ 80 പൈസവരെ കൂട്ടണമെന്നാണ് ബോര്‍ഡിന്റെ ആവശ്യം.

അഞ്ചുവര്‍ഷത്തേയ്ക്കുള്ള താരിഫ് വര്‍ധനയ്ക്കാണ് വൈദ്യുതി ബോര്‍ഡ് അപേക്ഷ നല്‍കിയത്. ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ശരാശരി 25 പൈസമുതല്‍ 80 പൈസവരെ കൂട്ടണമെന്നാണ് നിര്‍ദ്ദേശം .വിവിധ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന വ്യാവസായിക വാണിജ്യ ഉപയോക്താക്കള്‍ക്കും ആനുപാതികമായ വര്‍ധന ആവശ്യപ്പെട്ടിട്ടുണ്ട്. ബോര്‍ഡിന്റെ താരിഫ് പെറ്റിഷന്‍ വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഇതിന്മേല്‍ പൊതുജനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും നേരിട്ടും അല്ലാതെയും അഭിപ്രായം രേഖപ്പെടുത്താം. ഇത്തവണ നാലിടത്ത് പൊതുജങ്ങളില്‍ നിന്ന് റഗുലേറ്ററി കമ്മിഷന്‍ നേരിട്ട് അഭിപ്രായം സ്വീകരിക്കും.

ഈ മാസം 28 ന്കോഴിക്കോടും 30 ന് പാലക്കാടും അടുത്ത മാസം ഒന്നിന് എറണാകുളത്തും ആറിന് തിരുവനന്തപുരത്തുമാണ് പൊതുതെളിവെടുപ്പ്. ഇവ പരിഗണിച്ച് സര്‍ക്കാരിന്റെ കൂടി അഭിപ്രായം കേട്ട ശേഷമാകും നിരക്ക് വര്‍ധന. യൂണിറ്റിന് ശരാശരി 53 പൈസയെങ്കിലും കൂട്ടിയില്ലെങ്കില്‍ നഷ്ടം നേരിടേണ്ടി വരുമെന്ന് വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ നേരത്തെ മനോരമ ന്യൂസിനോട് വ്യക്തമാക്കിയിരുന്നു. നിലവിലെ താരിഫിന് മാര്‍ച്ച് 31 വരെയാണ് പ്രാബല്യം. ഏപ്രില്‍ ഒന്നുമുതല്‍ പുതിയ നിരക്കുകള്‍ പ്രഖ്യാപിക്കേണ്ടതാണ്. തെളിവെടുപ്പും മറ്റ് നടപടിക്രമങ്ങളും പൂര്‍ത്തിയാക്കേണ്ടതിനാല്‍ പുതിയ നിരക്കുകള്‍ മേയ് ഒന്നുമുതല്‍ നിലവില്‍ വരാനാണ് സാധ്യത.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍