ഹരിദാസൻ വധം: പ്രതിയായ ബിജെപി പ്രവർത്തകൻ ഒളിവിൽ കഴിഞ്ഞത് സിപിഎം അനുഭാവിയുടെ വീട്ടിൽ
പിണറായി: സി.പി.എം. പ്രവർത്തകൻ പുന്നോൽ താഴെവയലിൽ ഹരിദാസനെ വെട്ടിക്കൊന്ന കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ ബിജെപി പ്രവർത്തകൻ ഒളിവിൽ കഴിഞ്ഞത് സിപിഎം അനുഭാവിയുടെ വീട്ടിൽ. ബിജെപി പ്രവർത്തകനായ പുന്നോലിലെ പാറക്കണ്ടി നിജിൽദാസ് (38) വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെ അറസ്റ്റിലായിരുന്നു. ഇയാൾക്ക് ഒളിവിൽ കഴിയാൻ വീട് നൽകിയ പുന്നോൽ അമൃത വിദ്യാലയത്തിലെ അധ്യാപിക അണ്ടലൂർ ശ്രീനന്ദനത്തിൽ പി.എം. രേഷ്മ (42)യേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സിപിഎം അനുഭാവിയായ പ്രശാന്തിന്റെ ഭാര്യയാണ് രേഷ്മ. പ്രശാന്ത് കുറച്ചുകാലമായി വിദേശത്താണ്. പിണറായിയിൽ മുഖ്യമന്ത്രിയുടെ വീടിന് സമീപത്താണ് ഈ വീടുള്ളത്.
ഈ മാസം 17 മുതലാണ് പിണറായി പാണ്ട്യാലമുക്കിലെ വീട്ടിൽ നിജിൽദാസ് താമസം തുടങ്ങിയത്. നേരത്തെ കലാകാരൻമാരും മറ്റും വാടകയ്ക്ക് താമസിച്ചിരുന്ന വീടായിരുന്നു ഇത്. ഒളിച്ചുതാമസിക്കാൻ ഒരിടം വേണമെന്ന് പറഞ്ഞ് വിഷുവിനുശേഷമാണ് പ്രതി സുഹൃത്തായ രേഷ്മയെ ഫോണിൽ വിളിച്ചത്. എന്നാൽ നിജിൽദാസിന്റെ താമസം പ്രശാന്തിന്റെ അറിവോടെയല്ല എന്നാണ് വിശദീകരണം.
പ്രശാന്തും കുടുംബവും സിപിഎം അനുഭാവികളാണെന്ന് പിണറായി ലോക്കൽ സെക്രട്ടറി കക്കോത്ത് രാജൻ പ്രതികരിച്ചു.
അറസ്റ്റിലായതിന് പിന്നാലെ നിജിൽദാസ് ഒളിവിൽകഴിഞ്ഞ വീടിനുനേരേ ബോംബേറുണ്ടായിരുന്നു. അക്രമിസംഘം ജനൽച്ചില്ലുകൾ അടിച്ചുതകർക്കുകയും ചെയ്തു. രണ്ട് ബോംബ് പൊട്ടുന്ന ശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. രാത്രി വൈകി സ്ഥലത്ത് ബോംബ് സ്ക്വാഡ് പരിശോധന നടത്തി. സ്റ്റീൽബോംബാണ് എറിഞ്ഞതെന്നാണ് നിഗമനം. പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
ബോംബാക്രമണം സ്വാഭാവിക പ്രതികരണം ആകാമെന്ന് സിപിഎം നേതാക്കൾ അറിയിച്ചു.
ഇതിനിടെ മുഖ്യമന്ത്രിയുടെ വീടിനും കനത്ത സുരക്ഷ ഏർപ്പെടുത്തി. മുഖ്യമന്ത്രിയുടെ പാണ്ട്യാലമുക്കിലെ വീട്ടിലേക്കുള്ള വഴി പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. കനത്ത പോലീസ് സുരക്ഷ മുഖ്യമന്ത്രിയുടെ വീടിനും സമീപത്തും ഒരുക്കിയിട്ടുണ്ട്.
ആകെ 16 പേർ പ്രതികളായ കേസിൽ ഇതോടെ 14 പേർ അറസ്റ്റിലായി. കേസിൽ ബി.ജെ.പി. തലശ്ശേരി മണ്ഡലം പ്രസിഡന്റ് ലിജേഷ് ഉൾപ്പെടെ എട്ടുപേരുടെ ജാമ്യാപേക്ഷ നേരത്തേ കോടതി തള്ളിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍