ഇത് വീടിനകത്തെ അപകടകാരി; പ്രഷർ കുക്കർ ഉപയോഗിക്കുമ്പോൾ ഒഴിവാക്കേണ്ട കാര്യങ്ങൾ….
പ്രഷർ കുക്കർ അപകടകാരിയാണെന്ന് നമുക്കൊക്കെ അറിയാം. കഴിഞ്ഞ കുറച്ച് വർഷങ്ങൾ പരിശോധിച്ചാൽ എത്രയെത്ര മരണങ്ങളാണ് പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കൂടി ഇങ്ങനെയൊരു സംഭവം വാർത്തകളിൽ നമ്മൾ കണ്ടതാണ്. നമുക്ക് വളരെ നിസ്സാരമായി ഉപയോഗിക്കാൻ പറ്റുമെന്ന് തോന്നുന്ന പ്രഷർ കുക്കറുകൾ എങ്ങനെയാണ് അപകടകാരികളാകുന്നത്. പ്രഷർ കുക്കർ ഉപയോഗിക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം? പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് സംഭവിച്ച മിക്ക അപകടങ്ങളും അശ്രദ്ധ മൂലമോ അല്ലെങ്കിൽ പരിചയ കുറവ് കൊണ്ടോ സംഭവിക്കുന്നതാണ്.
പ്രഷർ കുക്കർ ഉപയോഗിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം?
പാചകത്തിന് മുമ്പ് തന്നെ പ്രഷർ കുക്കർ പരിശോധിക്കണം. കുക്കർ അടയ്ക്കുന്നതിന് മുമ്പ് തന്നെ വെന്റ് ട്യൂബിൽ തടസ്സങ്ങൾ ഒന്നും ഇല്ല എന്ന് പരിശോധിച്ച് ഉറപ്പുവരുത്തുക. ഇനി മുമ്പ് പാകം ചെയ്‌ത ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ ഉണ്ടെങ്കിൽ അത് തുണി ഉപയോഗിച്ചോ ഊതിയോ നീക്കി കളയണം. ഒരു കാരണവശാലും കൂർത്ത വസ്തുക്കൾ ഉപയോഗിക്കരുത്. മാത്രവുമല്ല കുക്കറിൽ നിന്ന് ആവി കൃത്യമായി പുറത്തേക്ക് പോകുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക. കൂടാതെ കൃത്യമായ ഇടവേളകളിൽ കുക്കറിന്റെ സേഫ്റ്റി വാൽവുകൾ മാറ്റുക. ഏത് കമ്പനിയുടെ കുക്കറാണോ അതെ കമ്പനിയുടെ തന്നെ സേഫ്റ്റി വാൽവുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
ഓരോ പാചകത്തിന് ശേഷവും കുക്കറിന്റെ വാഷർ എടുത്ത് കഴുകി വൃത്തിയാക്കണം. ഇല്ലാത്ത പക്ഷം കുക്കറിന്റെ വാഷറിൽ ഭക്ഷണ അവശിഷ്ടങ്ങൾ കുടുങ്ങി അവിടെ അണുക്കൾ പെരുകുകയും നമ്മുടെ ആരോഗ്യത്തെ സാരമായി ബാധിക്കുകയും ചെയ്യും. മാത്രവുമല്ല പാചകം കഴിഞ്ഞ ശേഷം കുക്കറിന്റെ അടപ്പിൽ നിന്ന് വെയിറ്റ് എടുത്ത് മാറ്റണം. അല്ലെങ്കിൽ ആവി അതിനകത്ത് നിറഞ്ഞ് കുക്കർ പൊട്ടിത്തെറിക്കാനും സാധ്യതയുണ്ട്.
കുക്കറിൽ നിന്ന് പ്രഷർ കളയാൻ എളുപ്പം മാർഗങ്ങളും നമ്മൾ സ്വീകരിക്കാറുണ്ട്. പക്ഷെ സുരക്ഷിതമല്ലാത്ത മാർഗങ്ങൾ സ്വീകരിക്കുന്നതും അപകടം വിളിച്ചു വരുത്തും. അതുകൊണ്ട് ശ്രദ്ധയോടെ വേണം കുക്കറിൽ നിന്ന് പ്രഷർ നീക്കം ചെയ്യാൻ. അടുപ്പിലെ ചൂടിൽ നിന്ന് കുക്കർ മാറ്റിവെച്ച് പ്രഷർ തനിയെ പോകാൻ വെക്കുന്നതാണ് സുരക്ഷിതമായ ഒരു രീതി. രണ്ടാമത്തേത് കുക്കറിലെ മൂടിക്ക് മുകളിലൂടെ തണുത്ത വെള്ളം ഒഴിക്കുകയാണ് രണ്ടാമത്തെ രീതി. കുക്കറിൽ നിന്ന് എപ്പോൾ പ്രഷർ റീലിസ് ചെയ്യുമ്പോഴും കൈയിൽ പിടിച്ച് ചെയ്യാതിരിക്കുക. മുഖത്തിൽ നിന്നും ശരീരത്തിൽ നിന്നും ദൂരേക്ക് പിടിച്ച് വേണം ചെയ്യാൻ.

 
  
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍