അടുക്കളജോലിക്ക് വന്ന യുവതിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി; ഹോട്ടലുടമ അറസ്റ്റിൽ
കാക്കനാട്: ഹോട്ടലിൽ അടുക്കളജോലിക്കു വന്ന യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ തൃശ്ശൂർ വാടാനപ്പള്ളി എച്ച്.എസ്. റോഡിൽ പണിക്കവീട്ടിൽ ഷെഫീഖിനെ (43) തൃക്കാക്കര പോലീസ് അറസ്റ്റുചെയ്തു. കാക്കനാട്ട് ഇയാൾ നടത്തിയിരുന്ന ഹോട്ടലിൽ അടുക്കളജോലി ചെയ്യുന്നതിനായി കൊണ്ടുവന്ന തൃശ്ശൂർ സ്വദേശിനിയുടെ പരാതിയിലാണ് നടപടി.
മാസങ്ങൾക്കു മുൻപാണ് യുവതിയെയും മാതാവിനെയും ജോലിക്കായി പ്രതി കാക്കനാട്ടേക്ക് കൊണ്ടുവന്നത്. തൃക്കാക്കര തേവയ്ക്കൽഭാഗത്ത് ഇവർക്ക് താമസ സൗകര്യവും ഒരുക്കി. ഇവിടെവെച്ച് പീഡിപ്പിക്കുകയായിരുന്നു.
യുവതി ഗർഭിണിയായ വിവരമറിഞ്ഞ ഷെഫീഖ് ഇവരെ സംരക്ഷിക്കാമെന്ന് ഉറപ്പുനൽകിയെങ്കിലും പിന്നീട് തിരിഞ്ഞുനോക്കാതെ വന്നതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു.
യുവതിയുടെ വിവാഹത്തിനുവേണ്ടി മാതാവ് ബാങ്കിൽ നിക്ഷേപിച്ചിരുന്ന ഒരു ലക്ഷത്തിലധികം രൂപയും പ്രതി പലപ്പോഴായി കൈക്കലാക്കിയെന്ന് പോലീസ് പറഞ്ഞു.
കോയമ്പത്തൂരിൽ സൂപ്പർമാർക്കറ്റ് നടത്തുകയായിരുന്ന ഷെഫീഖിനെ തൃക്കാക്കര സി.ഐ ആർ. ഷാബു, എസ്.ഐ.മാരായ എൻ.ഐ. റഫീഖ്, റോയ് കെ. പുന്നൂസ്, എ.എസ്.ഐ ഗിരീഷ്കുമാർ, സി.പി.ഒ. ജാബിർ, രഞ്ജിത്ത് എന്നിവരടങ്ങിയ സംഘം അവിടെപ്പോയി അറസ്റ്റ് ചെയ്യുകയായിരുന്നു.
