'അലിഫിന് കാലും കരുത്തുമാണ് ഈ സൗഹൃദങ്ങൾ'; ഇതാ കൂട്ടുകാരികളുടെ തോളിലേറി വൈറലായ ആ വിദ്യാർഥി


'യഥാർത്ഥ ചങ്ങാതിമാർക്കൊപ്പം ഒരുമിച്ചു വെള്ളം കുടിക്കുന്നത് പോലും മധുരമാണ്..', ഇരുകാലുകൾക്കും സ്വാധീനമില്ലാത്ത തന്നെ സുഹൃത്തുക്കൾ തോളിലേറ്റി ക്യാംപസിലൂടെ കൊണ്ടുപോവുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് അലിഫ് മുഹമ്മദ് കുറിച്ച വാക്കുകളാണിത്. വീഡിയോ നിമിഷങ്ങൾക്കുളളിൽ സോഷ്യൽ മീഡിയയിൽ വൈറലായി.. ആലിഫിന്റെ സൗഹൃദത്തണലിനെ ആളുകൾ സ്നേഹവും അഭിനന്ദനവും കൊണ്ട് മൂടി.. വീഡിയോയും ചിത്രങ്ങളും വൈറലായതിന്റെ ത്രില്ലിലാണ് ശാസ്താംകോട്ട ഡി.ബി കോളേജിലെ വിദ്യാർഥിയായ അലിഫ് മുഹമ്മദ്. താൻ പകർത്തിയ ചിത്രം കേരളം നെഞ്ചേറ്റിയ സന്തോഷം ഫോട്ടോഗ്രാഫറായ ജഗത്ത് തുളസീധരനും പങ്കുവെച്ചു.

ജന്മനാ ഇരുകാലുകൾക്കും സ്വാധീനമില്ലാത്ത അലിഫ് സൗഹൃദങ്ങളുടെ താങ്ങിലാണ് കോളേജിലെത്തുന്നത്. ഒരു ബുദ്ധിമുട്ടും അറിയിക്കാതെ അലിഫിനെ കോളേജിലെത്തിക്കുന്നതും തിരികെ വീട്ടിലെത്തിക്കുന്നതും സഹപാഠികൾ ഉത്തരവാദിത്തമായി ഏറ്റെടുത്തിരിക്കുന്നു. സുഹൃത്തിന്റെ ബൈക്കിന്റെ പിന്നിലേറിയോ ചിലപ്പോൾ ബസ്സിലോ കയറിയാണ് കോളേജിൽ വരിക. ബസ്സിൽ കയറ്റാനും ഇറക്കാനും ക്യാംപസിലൂടെ കൊണ്ടുനടക്കാനും ചങ്ക് ചങ്ങായിമാർ എപ്പോഴും റെഡി. ഒരു കുറവും അറിയിക്കാതെ പഠനം മുന്നോട്ടുകൊണ്ടുപോകാനാവുന്നത് ഈ സുഹൃത്തുക്കൾ കാരണമാണ്, സൗഹൃദങ്ങളും കുടുംബവുമാണ് എല്ലാമെല്ലാം. അവർ ഇല്ലായിരുന്നെങ്കിൽ പഠനം പോലും മുടങ്ങിയേനേയെന്ന് അലിഫ് പറയുന്നു.

കോളേജിൽ വരാനും പോകാനും മാത്രമല്ല സുഹൃത്തുക്കൾക്കൊപ്പം നിരവധി സ്ഥലങ്ങളിലേക്ക് യാത്രയും അലിഫ് നടത്തിയിട്ടുണ്ട്. വീടിനുള്ളിൽ വീൽചെയർ ഉപയോഗിക്കുമെങ്കിലും പുറത്തേക്കുള്ള യാത്രകളിൽ വീൽചെയർ കൊണ്ടുപോവാറില്ല. അടുത്തിടെ ഡൽഹിയിലും ആഗ്രയിലുമെല്ലാം സുഹൃത്തുക്കൾക്കൊപ്പവും ബന്ധുക്കൾക്കൊപ്പവും അലിഫ് യാത്രചെയ്തു. ഇൻസ്റ്റഗ്രാം റീൽസിലും അലിഫ് വളരെ സജീവമാണ്. സുഹൃത്തുക്കൊപ്പം ചെയ്ത നിരവധി റീൽസ് വീഡിയോകൾ ഇൻസ്റ്റഗ്രാമിൽ അലിഫ് പങ്കുവെച്ചിട്ടുണ്ട്.

ശാരീരിക പരിമിതികൾ സന്തോഷങ്ങളുടെ പിന്നാലെ പോകുന്നതിന് ഒരിക്കലും തടസമാവുന്നില്ലെന്നാണ് അലിഫ് പറയുന്നത്. സ്വയം പ്രചോദിപ്പിക്കണം. നമ്മൾ തയ്യാറായാൽ കൂടെ നിൽക്കാനും ആളുകളുണ്ടാവും. കാലിന് സ്വാധീനമില്ലെന്ന് പറഞ്ഞ് വീട്ടിലിരുന്നാൽ നഷ്ടമാവുന്നത് പുറത്തുള്ള വലിയ ലോകത്തെ കാഴ്ചകളും അനുഭവങ്ങളുമാണ്. പരിമിതികളെ അതിജീവിച്ച് പുറത്തിറങ്ങാൻ തന്നെപ്പോലെയുള്ളവർ ശ്രമിക്കണമെന്നും അലിഫ് പറഞ്ഞു.

ഡി.ബി കോളേജിലെ അവസാന വർഷ ബികോം വിദ്യാർഥിയാണ് അലിഫ്. പരീക്ഷാചൂടിന്റെ ഇടയ്ക്കാണെങ്കിലും വൈറൽ ചൂടിന്റെ ത്രില്ലിനും സന്തോഷത്തിനും ഒട്ടും കുറവില്ല. 'പി.സി വിഷ്ണുനാഥ്, ശബരീനാഥ്, ഷാഫി പറമ്പിൽ തുടങ്ങിയവർ ഫോട്ടോ ഷെയർ ചെയ്തിട്ടുണ്ട്. വളരെയധികം സന്തോഷം തോന്നുന്നു. സ്നേഹവും അഭിനന്ദനങ്ങളും അറിയിച്ച എല്ലാവർക്കും നന്ദി, ചിത്രം പകർത്തിയ ജഗത്തേട്ടന് പ്രത്യേക നന്ദി', അലിഫ് പറഞ്ഞു.

കരുനാഗപ്പള്ളി മാരാരിത്തോട്ടം ബീമ മൻസിലിൽ ഷാനവാസിന്റേയും സീനത്തിന്റേയും മൂത്ത മകനാണ് അലിഫ്. പത്തിലും നാലിലും പഠിക്കുന്ന അനിയത്തിയും അനിയനുമുണ്ട്. പിതാവ് ഷാനവാസ് വിദേശത്താണ്.

ഡി.ബി കോളേജ് ആർട്സ് ഡേ ദിവസത്തിലാണ് വൈറലായ ആ ചിത്രം ഫോട്ടോഗ്രാഫറായ ജഗത്ത് പകർത്തിയത്. ക്യാംപസിലെ സമരമരത്തിന് സമീപത്തുനിന്ന് സഹപാഠികളായ ആര്യയുടേയും അർച്ചനയുടേയും തോളിലേറി കോളേജിനകത്തേക്ക് പോവാൻ ഒരുങ്ങുന്നതിനിടെ ഈ സൗഹൃദകൂട്ടത്തെ ജഗത്തിൻറെ ക്യാമറക്കണ്ണുകൾ ഒപ്പിയെടുക്കുകയായിരുന്നു. വീഡിയോയും ചിത്രവും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതോടെ വൈറലായി. ഡിബി കോളേജിലെ പൂർവ വിദ്യാർഥി കൂടിയാണ് ജഗത്ത് തുളസീധരൻ.