ആവശ്യത്തിന് ഡോക്ടർമാരില്ല :താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തുന്ന രോഗികൾ വലയുന്നു.


താമരശ്ശേരി: മലയോര മേഖലയിൽ പ്രവർത്തിക്കുന്ന താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തത് കാരണം പരിശോധനക്കായി എത്തുന്ന രോഗികൾ വലയുന്നു.

രാവിലെ 8 മണി മുതൽ 2 മണി വരെയാണ് ഒ.പി പരിശോധന സമയം.ഇതിനായി 12.30 വരെ ടോക്കൺ ലഭിക്കും.

12.30ന് ശേഷം എത്തുന്നവർക്ക് അത്യാഹിത വിഭാഗത്തിലേക്കാണ് ടോക്കൺ ലഭിക്കുക.

അത്യാഹിത വിഭാഗത്തിൽ ആകെയുണ്ടാവുക ഒരു ഡോക്ടർ മാത്രമാണ്. പരിശോധനക്ക് എത്തുന്ന നൂറുക്കണക്കിന് രോഗികൾക്ക് പുറമെ വാർഡിലെ പ്രസവവും, പോലീസ് എത്തിക്കുന്ന പ്രതികളുടെ വൈദ്യ പരിശോധനയും, അപകടങ്ങളിൽ പ്പെട്ട് എത്തുന്നവരുടെ ചികിത്സയും എല്ലാം ഒരു ഡോക്ടർ തന്നെ നോക്കണം. ഇതിനാൽ കുട്ടികളടക്കം അത്യാഹിത വിഭാഗത്തിൽ എത്തുന്നവർ മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥയാണ്.

താമരശ്ശേരിയിൽ നിന്നും കോവിഡ് കാലത്ത് താൽക്കാലികമായി കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് മാറ്റിയ ഡോക്ടറെ തിരിച്ചെത്തിക്കാത്തതും, വിരമിച്ച ഡോക്ടർക്ക് പകരവും, സ്ഥലം മാറിപ്പോയ ഡോക്ടടർക്ക് പകരവും നിയമനം നടത്താത്തതും ഡോക്ടർമാരുടെ കുറവിന് പ്രധാന കാരണമാണ്.
ഉച്ചമുതൽ രാത്രി 8 മണി വരെ ഒരു ഡോക്ടറും, രാത്രി 8 മുതൽ രാവിലെ എട്ടുവരെ മറ്റൊരു ഡോക്ടറുമാണ് അത്യാഹിത വിഭാഗത്തിൽ ജോലി നോക്കുന്നത്.

ഡോക്ടർമാരുടെ കുറവ് താൽക്കാലികമായെങ്കിലും നികത്താൻ ഹോസ്പിറ്റൽ മാനേജ്മെൻ്റ് കമ്മിറ്റി പോലും രംഗത്ത് വന്നിട്ടില്ല.

താമരശ്ശേരി താലൂക്ക് ആശുപത്രിയാണെങ്കിലും താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയായി ഉയർത്താനുള്ള നടപടി എങ്ങുമെത്തിയിട്ടില്ല. ഇത്തരത്തിൽ ഉയർത്തിയിൽ കൂടുതൽ തസ്തികകൾ സൃഷ്ടിക്കപ്പെടുകയും, നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരമാവുകയും ചെയ്യും.

കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന് കീഴിലാണ് താമരശ്ശേരി താലൂക്ക് ആശുപത്രി, ആശുപത്രിയുടെ കാര്യത്തിൽ ബ്ലോക്ക് പഞ്ചായത്ത് വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ലയെന്ന പരാതി നാട്ടുകാർ ഉന്നയിക്കുന്നുണ്ട്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍