താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഉണ്ണി ഡോക്ടർ പടിയിറങ്ങുന്നു.
താമരശ്ശേരി: ദേശീയ ആരോഗ്യമിഷന്റെ നാഷണൽ ക്വാളിറ്റി അഷ്വുറൻസ് സ്റ്റാൻഡേർഡ് സർട്ടിഫിക്കറ്റും കേരള അക്രഡിറ്റേഷൻ ഫോർ സ്റ്റാൻഡേർഡ് ഹോസ്പിറ്റൽ അംഗീകാരവും മൂന്നുതവണ മികച്ച ആരോഗ്യസ്ഥാപനത്തിനുള്ള സംസ്ഥാനതല കായകൽപ്പ് റണ്ണറപ്പ് പുരസ്‌കാരവും നേടിയ മാതൃകാ ആതുരാലയമായി താമരശ്ശേരി ഗവ.താലൂക്ക് ആശുപത്രിയെ ഉയർത്തുന്നതിൽ നിർണായക പങ്കുവഹിച്ച താമരശ്ശേരിക്കാരുടെ സ്വന്തം 'ഉണ്ണി ഡോക്ടർ' പടിയിറങ്ങുന്നു. അസി.സർജനായി താമരശ്ശേരി ഗവ.താലൂക്ക് ആശുപത്രിയിലെത്തുകയും ആറുവർഷത്തോളം സൂപ്രണ്ടായി ആശുപത്രിയുടെ സർവതോൻമുഖ വികസനത്തിന് ചുക്കാൻ പിടിക്കുകയും ചെയ്ത ഡോ.എം.കേശവനുണ്ണി (60) മെയ് 31-ന് സർവീസിൽ നിന്ന് വിരമിക്കുകയാണ്. വൈത്തിരി താലൂക്ക് ആശുപത്രിയ്ക്കും കോഴിക്കോട് ഗവ.മെഡിക്കൽ കോളേജിനുമിടയിൽ കിടത്തി ചികിത്സാ സൗകര്യമുള്ള ഏക സർക്കാർ ആതുരാലയത്തെ ഇന്നത്തെ മികവാർന്ന നിലയിലേക്ക് കൈ പിടിച്ചുയർത്താൻ 13 വർഷത്തോളംകാലം ആശുപത്രിയുടെ ഭാഗമായി യത്‌നിച്ച, കേശവനുണ്ണിയ്ക്കുള്ള യാത്രയപ്പ് കെങ്കേമമാക്കാനുള്ള മുന്നൊരുക്കത്തിലാണ് സഹപ്രവർത്തകർ.
പാലക്കാട് മുണ്ടൂർ സ്വദേശികളും അധ്യാപക ദമ്പതിമാരുമായ എം.പി.കുമാരന്റെയും എം.സത്യഭാമയുടെയും മകനായ കേശവനുണ്ണി കോഴിക്കോട് ഗവ.മെഡിക്കൽ കോളേജിൽ നിന്നാണ് എം.ബി.ബി.എസ് കഴിഞ്ഞത്. പിന്നീട് ഇഗ്നോയിൽ നിന്നും ജെറിയാട്രിക് മെഡിസിനിലും ഡയബറ്റാേളജിയിലും പി.ജി ഡിപ്ലോമ നേടി. 91-ൽ തിരുവമ്പാടിയിലെ ലിസ ഹോസ്പിറ്റലിലാണ് ഡോക്ടറായി തുടക്കം. പിന്നീട് 2003-ൽ സർക്കാർ സർവീസിലെത്തി പനമരം കുടുംബാരോഗ്യകേന്ദ്രത്തിൽ ഡോക്ടറായി. മാസങ്ങൾക്ക് ശേഷം അന്ന് സി.എച്ച്.സി മാത്രമായിരുന്ന താമരശ്ശേരിയിൽ അസി.സർജനായെത്തി ഏഴുവർഷത്തോളം സേവനമനുഷ്ഠിച്ചു. പിന്നീട് കൊളത്തൂർ പി.എച്ച്.സി, പുതുപ്പാടി പി.എച്ച്.സി എന്നിവിടങ്ങളിലെ സേവനത്തിന് ശേഷം തിരികെ 2015-ൽ ആശുപത്രിയുടെ സൂപ്രണ്ടായി താമരശ്ശേരിയിലെത്തി. 2017ൽ മലപ്പുറം ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രിയിൽ സൂപ്രണ്ട് ആയ അദ്ദേഹം 2018 മാർച്ചിൽ താമരശ്ശേരിയിലേക്ക് മടങ്ങിയെത്തി. അന്ന് മുതൽ താമരശ്ശേരി ആശുപത്രിയുടെ സൂപ്രണ്ടാണ്.
നബാർഡിന്റെ 13.7 കോടി വകയിരുത്തി തുടങ്ങിയ ആശുപത്രി നവീകരണവും, ലക്ഷ്യ നിലവാരത്തിലുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്കിന് ലഭ്യമായ ഭരണാനുമതിയും, ഹെഡ് ക്വാർട്ടേഴ്‌സ് പ്രഖ്യാപനത്തിനായുള്ള ഇടപെടലുകളുമെല്ലാം ഡോ.എം.കേശവനുണ്ണിയുടെ നേതൃ മികവിനുള്ള ദൃഷ്ടാന്തങ്ങളാണ്. ജില്ലയിലെ സർക്കാർ ആശുപത്രികളിലെ ആദ്യ മാതൃകാ സീവേജ് പ്ലാന്റ് താമരശ്ശേരിയിൽ യാഥാർത്ഥ്യമാക്കിയതിന് പിന്നിലും ഡോക്ടറുടെ ഇച്ഛാശക്തിയുണ്ട്. എല്ലാ നേട്ടങ്ങളുടെയും ക്രെഡിറ്റ് അദ്ദേഹം ചാർത്തിനൽകുന്നത് ഒരു മനസ്സോടെ കൂടെ നിന്ന സഹപ്രവർത്തകർക്കും ജനങ്ങൾക്കുമാണ്. വിരമിച്ചതിന് ശേഷം സർക്കാർ ആതുരാലയങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങളുമായി സജീവമാവാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. താമരശ്ശേരി ഓർക്കിഡ് ഹിൽസിലെ പ്രണവം ഹൗസിലാണ് താമസം. ഭാര്യ ഡോ.ഷീല ഉണ്ണി കൊയിലാണ്ടി താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രിയുടെ സൂപ്രണ്ട് ഇൻ ചാർജ്ജാണ്. ഏകമകൻ പി.ഹരിഗോവിന്ദും മാതാപിതാക്കളുടെ പാത പിന്തുടർന്ന് എം.ബി.ബി.എസ് പൂർത്തിയാക്കി ഉപരിപഠനത്തിനുള്ള തയ്യാറെടുപ്പിലാണ്.
കടപ്പാട്: അജയ് ശ്രീശാന്ത് - മാതൃഭൂമി.
