കാണാതായി 17 വര്‍ഷം; രാഹുല്‍ നെടുമ്പാശേരിയില്‍ ഉണ്ടെന്ന് കാട്ടി മുംബൈയില്‍ നിന്ന് അമ്മയ്ക്ക് കത്തും ഫോട്ടോയും
പതിനേഴ് വര്‍ഷം മുന്‍പ് ആലപ്പുഴയില്‍ നിന്ന് കാണതായ രാഹുല്‍ എന്ന ഏഴുവയസുകാരന്‍ നെടുമ്പാശേരിയില്‍ ജീവനോടെയുണ്ടെന്ന് കാട്ടി കുടുംബത്തിന് കത്തും ഫോട്ടോയും ലഭിച്ചു. മുംബൈയില്‍നിന്നാണ് കത്തയച്ചിരിക്കുന്നതെന്നു രാഹുലിന്റെ അമ്മ മിനി പറഞ്ഞു.
രാഹുലിനോടു സാമ്യവും സമാനപ്രായവുമുള്ളയാളെ കണ്ടെന്നുകാണിച്ച് രണ്ടുദിവസംമുന്‍പു ലഭിച്ച കത്തിനൊപ്പം ഫോട്ടോയുമുണ്ട്. അന്വേഷണത്തിനായി കത്ത് ജില്ലാ പോലീസ് മേധാവിക്കു കൈമാറി. നെടുമ്പാശ്ശേരി ഭാഗത്തുള്ളതായാണ് കത്തില്‍ പറയുന്നത്.
കത്തും ഫോട്ടോയും കുടുംബം ആദ്യം കാര്യമായെടുത്തിരുന്നില്ല. പഴയഫോട്ടോയുമായി ഒത്തുനോക്കിയപ്പോള്‍ സാമ്യമുണ്ടെന്ന് അയല്‍വാസികള്‍ പറഞ്ഞതോടെയാണ് കത്ത് പോലീസിനു കൈമാറിയത്.
ആലപ്പുഴ ആശ്രമം വാര്‍ഡില്‍ രാഹുല്‍ നിവാസില്‍ രാജു-മിനി ദമ്പതികളുടെ മകനായ രാഹുലിനെയാണ് 2005 മേയ് 18ന് ദുരൂഹസാഹചര്യത്തില്‍ കാണാതാകുന്നത്. വീടിന് സമീപത്തെ പറമ്പില്‍ കളിച്ചുകൊണ്ടിരിക്കെയായിരുന്നു മൂന്നാംക്ലാസുകാരനായ രാഹുല്‍. ആലപ്പുഴ പൊലീസും ക്രൈം ഡിറ്റാച്ച്മെന്റ് സംഘവും അന്വേഷണം നടത്തിയിട്ടും വിവരങ്ങള്‍ ഒന്നും തന്നെ കണ്ടെത്താനായില്ല.
മകനെ കണ്ടെത്തുന്നതിനായി വര്‍ഷങ്ങള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ രാഹുലിന്‍റെ അച്ഛന്‍ എ.ആര്‍ രാജു കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ആത്മഹത്യ ചെയ്തിരുന്നു. താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുവാണെന്ന് ഭാര്യ മിനിയെ ഫോണില്‍ വിളിച്ചറിയിച്ചിരുന്നു. ഉടന്‍ മിനി അയല്‍ക്കാരെ വിവരം അറിയിച്ചുവെങ്കിലും ഇവര്‍ എത്തിയപ്പോഴേക്കും രാജു തൂങ്ങിമരിച്ചിരുന്നു.
രാഹുലിന്റെ മുത്തച്ഛന്‍ ശിവരാമപണിക്കരുടെ പരാതിയെ തുടര്‍ന്ന് 2009 ല്‍ എറണാകുളം സി ജെ എം കോടതി കേസ് സിബിഐക്ക് വിട്ടു. എന്നാല്‍ സിബിഐക്കും കേസില്‍ ഒന്നും കണ്ടെത്താനായില്ല. രാഹുലിന്റെ കൂടെ കളിച്ചുകൊണ്ടിരുന്ന അയല്‍വാസിയായ ഒരു കുട്ടി രാഹുലിനെ ഒരാള്‍ തട്ടിക്കൊണ്ടു പോകുന്നത് കണ്ടിരുന്നതായി മൊഴി നല്‍കിയിരുന്നെങ്കിലും പിന്നീട് മൊഴിമാറ്റി.
കേസില്‍ സംശയിക്കപ്പെട്ട അയല്‍വാസി റോജോയെ നാര്‍ക്കോ അനാലിസിസിന് വിധേയനാക്കിയിരുന്നു. രാഹുലിനെക്കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് സിബിഐ ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇതിനിടയില്‍ മുത്തച്ഛന്‍ ശിവരാമ പണിക്കരും മരിച്ചിരുന്നു. രാഹുലിനെ കാണാതാകുമ്പോള്‍ പിതാവ് രാജു വിദേശത്തായിരുന്നു. മകനെ കാണാതായതോടെ ജോലി മതിയാക്കി നാട്ടില്‍ വന്നതായിരുന്നു.
പിന്നീട് ശാരീരിക അസ്വാസ്ഥ്യങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് രാജു ചികിത്സയിലായിരുന്നു. രാഹുലിനെ കാണാതായ ശേഷം രാജു - മിനി ദമ്പതികള്‍ക്ക് പെണ്‍കുട്ടി ജനിച്ചിരുന്നു. ശിവാനി എന്ന് പേരുള്ള ഈ പെണ്‍കുട്ടി ഇപ്പോള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മിനി കണ്‍സ്യൂമര്‍ ഫെഡിന്റെ നീതി സ്റ്റോറില്‍ ജീവനക്കാരിയാണ്. രാജുവിന്റെ വിയോഗത്തോടെ തളര്‍ന്ന് പോകുന്നത് മിനിയും ശിവാനിയുമാണ്.
