കൈയിൽ വെള്ളിചെയിന്‍ ധരിച്ചെത്തിയ വിദ്യാര്‍ഥിയെ മര്‍ദിച്ച മദ്രസ അധ്യാപകനെതിരെ കേസ്


തൃശ്ശൂര്‍ : എരുമപ്പെട്ടി പഴവൂരില്‍ മദ്രസ വിദ്യാര്‍ഥിയെ അധ്യാപകന്‍ മര്‍ദിച്ചെന്ന് പരാതി. സംഭവത്തിൽ പഴവൂർ ജുമാ മസ്ജിദ് മദ്രസ സദർ വന്ദേരി ഐരൂർ സ്വദേശി ഖാസിം സഖാഫിക്കെതിരെ എരുമപ്പെട്ടി പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.കഴിഞ്ഞ ദിവസമാണ് പഴവൂർ സ്വദേശിയായ 14 കാരന് മദ്രസ അധ്യാപകൻ്റെ മര്‍ദനമേറ്റത്.

കുട്ടി കൈയിൽ വെള്ളി ബ്രേസ്‌ലെറ്റ്‌ ധരിച്ച് ക്ലാസിലെത്തിയതാണ് അധ്യാപകനെ പ്രകോപിപ്പിച്ചത്. ഇതു ചോദ്യം ചെയ്തപ്പോൾ തൻ്റെ പിതാവ് പറഞ്ഞാണ് ബ്രേസ്‌ലെറ്റ്‌ ധരിച്ചതെന്ന് കുട്ടി അറിയിച്ചു. ഇതിനെ തുടർന്ന് അധ്യാപകൻ കുട്ടിയെ വടി ഉപയോഗിച്ച്  ശരീരമാസകലം മര്‍ദിച്ചെന്നാണ് പരാതി.

ശരീരമാസകലം അടിയേറ്റ് മുറിവ് പറ്റിയ വിദ്യാർത്ഥിയെ ആദ്യം വടക്കാഞ്ചേരി സർക്കാർ ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കുട്ടിയുടെ മൊഴിയെടുത്ത പൊലീസ് കേസെടുക്കുകയായിരുന്നു. അതേസമയം  കുട്ടിയെ മർദ്ദിച്ച സംഭവത്തിൽ അധ്യപകനെ മഹല്ല് കമ്മറ്റി ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍