നീറ്റ് പരീക്ഷയ്ക്കിടെ അടിവസ്ത്രമഴിച്ച് പരിശോധന: പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി
കൊല്ലത്ത് നീറ്റ് പരീക്ഷയ്ക്കിടെ വിദ്യാര്‍ത്ഥിനികളെ അപമാനിച്ച കേസില്‍ അറസ്റ്റിലായ അഞ്ച് വനിതാ ജീവനക്കാരുടേയും ജാമ്യാപേക്ഷ കോടതി തള്ളി. കടയ്ക്കല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രതികള്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 ലംഘിച്ചെന്ന് കോടതി നിരീക്ഷിച്ചു. രണ്ട് കോളജ് ജീവനക്കാരും മൂന്ന് സുരക്ഷാ ഏജന്‍സി ജീവനക്കാരുമാണ് വിദ്യാര്‍ത്ഥിനിയെ അപമാനിച്ച സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നത്. എസ് മറിയാമ്മ, കെ മറിയാമ്മ എന്നിവര്‍ മാര്‍ത്തോമ കോളജിലെ ശുചീകരണ ജീവനക്കാരും ഗീതു, ജോത്സന, ബീന എന്നിവര്‍ സ്റ്റാര്‍ സുരക്ഷാ ഏജന്‍സി ജീവനക്കാരുമാണ്. 
പരീക്ഷാ സുരക്ഷയില്‍ മതിയായ പരിശീലനം ലഭിച്ചിട്ടില്ലാത്ത പത്തംഗ സംഘമാണ് വിദ്യാര്‍ത്ഥിനികളെ അപമാനിച്ചത്. ഇന്ന് കോളജില്‍ എത്തിയ സൈബര്‍ പൊലീസ് സംഘം പരിശോധനയുടെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ അധികൃതര്‍ക്ക് സംഭവിച്ച ഗുരുതര വീഴ്ചകളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ സമയവും രേഖകളും ഹാജരാക്കാന്‍ കോടതി അന്വേഷണ സംഘത്തോട് നിര്‍ദ്ദേശിച്ചു.
അതേസമയം നീറ്റ് പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ വനിതാ കമ്മീഷന്‍ കേസെടുത്തു. കേരളത്തിലെന്നു മാത്രമല്ല, ഇന്ത്യയിലൊരിടത്തും തന്നെ ഈ രീതിയില്‍ പ്രാകൃതമായൊരു പരിശോധന മത്സരപ്പരീക്ഷയുമായി ബന്ധപ്പെട്ട് നടത്തുന്നത് ആരോഗ്യകരമായ പ്രവണതയല്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി.സതീദേവി പറഞ്ഞു.

 
  
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍