കാട്ടാക്കട മർദ്ദനം: ആദ്യ അറസ്റ്റ് രേഖപ്പെടുത്തി, പിടിയിലായത് സുരക്ഷാ ജീവനക്കാരൻ
തിരുവനന്തപുരം: കണ്‍സെഷന്‍ പുതുക്കാനെത്തിയ പിതാവിനെ മകളുടെ മുന്നില്‍വെച്ച് മര്‍ദ്ദിച്ച കേസില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. സുരക്ഷാ ജീവനക്കാരനായ സുരേഷ് കുമാർ ആണ് അറസ്റ്റിലായത്. കാട്ടാക്കട ഡിവെെഎസ്പിയുടെ ഷാഡോ സംഘം തിരുമലയിൽ നിന്നാണ് സുരേഷിനെ പിടികൂടിയത്. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടി വിവാദമായിരുന്നു.പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് തളളിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. ആര്യനാട് ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർ മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ സുരക്ഷാ ജീവനക്കാരൻ എസ് ആർ സുരേഷ് കുമാര്‍, കണ്ടക്ടർ എൻ അനിൽകുമാർ, മെക്കാനിക്ക് അജി, ഓഫീസ് അസിസ്റ്റൻ്റ് മിലിൻ ഡോറിച്ച് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോടതി ഇന്ന് തള്ളിയത്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് ആറ് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളിയത്. മകളുടെ മുന്നിലിട്ട് അച്ഛനെ ബന്ധനസ്ഥനാക്കി മർദ്ദിച്ച പ്രതികൾ ജാമ്യം അർഹിക്കുന്നില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
സെപ്റ്റംബർ 20നാണ് മകളുടെ കണ്‍സെഷന്‍ പുതുക്കുന്നതിനായി കാട്ടാക്കട ഡിപ്പോയിലെത്തിയ ആമച്ചല്‍ സ്വദേശി പ്രേമനനെയും മകളെയും ജീവനക്കാര്‍ കൂട്ടംചേര്‍ന്ന് കയ്യേറ്റം ചെയ്തത്. കണ്‍സെഷന്‍ പുതുക്കാന്‍ മാസങ്ങള്‍ക്ക് മുമ്പ് നല്‍കിയ കോഴ്സ് സര്‍ട്ടിഫിക്കറ്റ് വീണ്ടും ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കമായിരുന്നു മര്‍ദ്ദനത്തില്‍ കലാശിച്ചത്. പ്രേമനനനെതിരെ അപവാദ പ്രചാരണവുമായി തൊഴിലാളി യൂണിയന്റെ തലമുതിര്‍ന്ന നേതാക്കള്‍ തന്നെ രംഗത്തു വന്നതും വിവാദമായിരുന്നു. രക്ഷിതാവിനെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദ്ദിച്ചിട്ടില്ലെന്നതടക്കമുളള വാദങ്ങളായിരുന്നു സിഐടിയു സംസ്ഥാന സെക്രട്ടറി ആനത്തലവട്ടം ആനന്ദന്‍ നടത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍