അമിതവേഗം ചോദ്യംചെയ്തതിന് പിന്നാലെ സംഘർഷം; യുവാക്കളും നാട്ടുകാരും ഏറ്റുമുട്ടി, ബൈക്ക് കത്തിച്ചു


ശാസ്താംകോട്ട: ബൈക്കിന്റെ അമിതവേഗം ചോദ്യംചെയ്തതിനെത്തുടർന്ന് പോരുവഴി ഇടയ്ക്കാട് വലിയവിളഭാഗത്ത് യുവാക്കളും പ്രദേശവാസികളും ഏറ്റുമുട്ടി. സംഘർഷത്തിനിടെ തീയിട്ട ബൈക്ക് കത്തിനശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി ഒൻപതോടെ മലനടയ്ക്കു വടക്ക് പൂരിശ്ശേരിൽ ക്ഷേത്രത്തിനു സമീപമായിരുന്നു സംഭവം.

ഇതുവഴിയുള്ള റോഡിലൂടെ വേഗത്തിൽ ബൈക്കിൽ വരികയായിരുന്ന യുവാക്കളെ പ്രദേശവാസികളായ ചിലർ തടഞ്ഞ് ചോദ്യംചെയ്തു. വാഹനത്തിന്റെ താക്കോൽ ഇവരിൽ ആരോ ഊരിയെടുത്തു. ഇതോടെ ഇരുവരും ചേരിതിരിഞ്ഞ് അടിയും ബഹളവുമായി. സംഘർഷത്തിൽ തുളസീമന്ദിരത്തിൽ അഭിലാഷി(24)ന് നെറ്റിക്കു പരിക്കേറ്റു. ഇതിനിടെയാണ് യുവാക്കൾ വന്ന ബൈക്കിനു തീയിട്ടത്.

പെട്രോൾ ടാങ്ക് തുറന്നുവിട്ട് തീകൊളുത്തുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ബൈക്ക് പൂർണമായി കത്തിയമർന്നു.

അഭിലാഷിന്റേതാണ് ബൈക്ക്. വിവരമറിഞ്ഞ് ശൂരനാട് പോലീസ് സ്ഥലത്തെത്തി. ബൈക്കിലെത്തിയ യുവാക്കൾ ഉൾപ്പെടെ മൂന്നുപേരെ കസ്റ്റഡിയിലെടുത്തു.

സംഘർഷത്തിൽ ഉൾപ്പെട്ടവരിൽ ചിലർ തമ്മിൽ നേരത്തേയും ഇത്തരത്തിൽ അടിപിടി ഉണ്ടായിട്ടുള്ളതായി നാട്ടുകാർ പറയുന്നു. സംഭവത്തിനു പിന്നിൽ രാഷ്ട്രീയമില്ലെന്ന് പോലീസ് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍