പത്തുവയസ്സുകാരിയെ ഒരുവർഷത്തോളം പീഡിപ്പിച്ചു; പ്രതിക്ക് 142 വർഷം തടവ് ശിക്ഷ
പത്തനംതിട്ട: പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചയാൾക്ക് 142 വർഷത്തെ തടവ് ശിക്ഷ. കവിയൂർ ഇഞ്ചത്തടി പുലിയളയിൽ ബാബു (ആനന്ദൻ-41)നെയാണ് പത്തനംതിട്ട പോക്സോ കോടതി ശിക്ഷിച്ചത്. പ്രിൻസിപ്പൽ ജഡ്ജ് ജയകുമാർ ജോണിന്റേതാണ് വിധി. വിവിധ വകുപ്പുകളിലായാണ് 142 വർഷത്തെ ശിക്ഷ. ഇത് ഒരുമിച്ചാകുമ്പോൾ 60 വർഷത്തെ കഠിനതടവ് അനുഭവിച്ചാൽ മതി. പ്രതി അഞ്ചുലക്ഷം രൂപ പിഴയും ഒടുക്കണം. ഇല്ലെങ്കിൽ മൂന്നുവർഷം അധികതടവും അനുഭവിക്കണം.
2020 മുതലുള്ള ഒരു വർഷക്കാലയളവിൽ വിവിധ ദിവസങ്ങളിലായാണ് പീഡനം നടന്നത്. കുട്ടിയുടെ പെരുമാറ്റവും രാത്രികാലങ്ങളിൽ കരയുന്നതും ശ്രദ്ധയിൽപ്പെട്ട അമ്മ ഭർത്താവിനെ വിവരം ധരിപ്പിച്ചു. ചോദിച്ചപ്പോഴാണ് കുട്ടി അതിക്രൂരമായ പീഢനവിവരങ്ങൾ പറഞ്ഞത്. പ്രോസിക്യൂഷന് വേണ്ടി പ്രിസിപ്പൽ പോക്സോ പ്രോസിക്യൂട്ടർ അഡ്വ.ജയ്സൺ മാത്യൂസ് ഹാജരായി.
സാക്ഷിമൊഴികളും മെഡിക്കൽ രേഖകൾ ഉൾപ്പെടെയുള്ള മറ്റു തെളിവുകളുടേയും അടിസ്ഥാനത്തിലായിരുന്നു വിധി. തിരുവല്ല പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. സി.െഎ.ആയിരുന്ന പി. ഹരിലാലാണ് കേസ് അന്വേഷിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍