കേരളത്തിലേക്കു കടത്തുകയായിരുന്ന പത്തുകോടി രൂപയുടെ കുഴല്‍പണം പിടികൂടി


കേരളത്തിലേക്കു കടത്തുകയായിരുന്ന പത്തുകോടി രൂപയുടെ കുഴല്‍പണം തമിഴ്നാട് വെല്ലൂരില്‍ പിടികൂടി. തളിപ്പറമ്പ് റജിസ്ട്രേഷനുള്ള ചരക്കുലോറിയില്‍ പണം ഒളിപ്പിക്കുന്നതിനിടെയാണു പൊലീസ് പിടികൂടിയത്. രണ്ടു മലയാളികളടക്കം നാലുപേര്‍ അറസ്റ്റിലായി. രാജ്യാന്തര ബന്ധമുള്ള കള്ളപ്പണ സംഘമാണു കുഴല്‍പണ ഇടപാടിനു പിന്നിലെന്നാണു സൂചന.

ചെന്നൈ–സേലം ദേശീയപാതയില്‍ വെല്ലൂര്‍ ജില്ലയിലെ ഗോവിന്ദന്‍പാടി ടോള്‍ ബൂത്തിനു സമീപം ഇന്നലെ രാത്രിയാണു പണം പിടികൂടിയത്. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെ തുടര്‍ന്നു ജാഗ്രതയുടെ ഭാഗമായി രാത്രികാല പരിശോധനയിലായിരുന്നു പള്ളിക്കോണ്ട പൊലീസ്. ടോള്‍ ബൂത്തിനു സമീപം കാറില്‍ നിന്നു ലോറിയിലേക്കു ചരക്കു കയറ്റുന്നതുകണ്ടു പൊലീസ് പരിശോധിക്കുകയായിരുന്നു. കടലാസ് പെട്ടികളിലാക്കി പ്ലാസ്റ്റിക് കവറുകൊണ്ടു പൊതിഞ്ഞ നിലയിലായിരുന്നു പണം. കാറിലും ലോറിയിലുമുണ്ടായിരുന്നവര്‍ക്കു പൊലീസിന്റെ ചോദ്യങ്ങള്‍ക്കു കൃത്യമായി മറുപടി നല്‍കാന്‍ കഴിഞ്ഞില്ല.

തുടര്‍ന്നു ചരക്കു പിടിച്ചെടുത്തു പരിശോധിച്ചപ്പോഴാണു നോട്ടു കെട്ടുകളാണെന്ന് വ്യക്തമായത്. 48 ചെറു പാക്കറ്റുകളാക്കിയ നിലയില്‍ 10 കോടി രൂപയാണുണ്ടായിരുന്നത്. പണത്തിനു േരഖകളുണ്ടായിരുന്നില്ല. തുടര്‍ന്നു കാറിലുണ്ടായിരുന്ന ചെന്നൈ സ്വദേശി നിസാര്‍ അഹമ്മദ്, ഡ്രൈവര്‍ വസീ അക്രം, ലോറി ഡ്രൈവര്‍മാരായ തളിപ്പറമ്പ് സ്വദേശികളായ ഷറഫുദ്ദീന്‍, നാസര്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു.

നിസാര്‍ അഹമ്മദിന്റെ അച്ഛന്റെ അടുത്ത കൂട്ടുകാരനായ റിയാസ് എന്നയാളുടെ നിര്‍ദേശപ്രകാരമാണ് പണം ലോറിയില്‍ കയറ്റി അയച്ചതെന്നാണു മൊഴി. റിയാസ് ദുബായിലാണുള്ളത്. പണത്തില്‍ കുറച്ചുഭാഗം കോയമ്പത്തൂരിലും ബാക്കി കോഴിക്കോടും ആളുകളെത്തി കൈപ്പറ്റുമെന്നാണു റിയാസ് അറിയിച്ചിരുന്നതെന്നും നിസാര്‍ അഹമ്മദ് മൊഴിനല്‍കിയിട്ടുണ്ട്. ഇത്രയും പണം എവിടെ നിന്നു ലഭിച്ചുവെന്നും എന്തിനാണു കേരളത്തിലേക്കു കടത്തുന്നതെന്നും പൊലീസ് അന്വേഷണം തുടങ്ങി.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍