‘പ്രമുഖ നൂറ് പുരുഷ കവികളുടെ നൂറ് കവിതകള്‍’; മര്‍ക്കസ് നോളജ് സിറ്റിയുടെ കവിയരങ്ങിനെച്ചൊല്ലി വിവാദം, വിമര്‍ശനം
കോഴിക്കോട് : മലയാളത്തിലെ പ്രമുഖ കവികള്‍ പങ്കെടുക്കുന്ന മര്‍ക്കസ് നോളജ് സിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന കവിയരങ്ങ് പരിപാടിയിലെ സ്ത്രീ അസാന്നിധ്യത്തെച്ചൊല്ലി സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം.
മീം എന്ന പേരില്‍ ഒക്ടോബര്‍ 22,23 എന്നീ ദിവസങ്ങളിലായാണ് പരിപാടി സംഘടിപ്പിക്കുന്നത്. കവിയരങ്ങില്‍ പങ്കെടുക്കുന്ന കേരളത്തിലെ 30 പ്രമുഖ കവികളുടെ ചിത്രങ്ങളടങ്ങിയ പോസ്റ്റര്‍ നോളജ് സിറ്റി പുറത്തുവിട്ടിരുന്നു.
ഇതില്‍ സച്ചിദാനന്ദന്‍, കെ.പി. രാമനുണ്ണി, കല്‍പ്പറ്റ നാരായണന്‍, റഫീഖ് അഹമ്മദ് തുടങ്ങിയ കവികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ പ്രമുഖ കവികള്‍ ഉള്‍പ്പെട്ട പരിപാടിയില്‍ ഒരു വനിത പോലുമില്ലാത്തതാണ് വിമര്‍ശനത്തിന് കാരണമാകുന്നത്. നൂറ് യുവ കവികള്‍ 100 കവിതകള്‍ അവതരിപ്പിക്കും എന്നാണ് പരിപാടിയുടെ പോസ്റ്ററില്‍ പറയുന്നത്.
ഒരു യാഥാസ്ഥിതിക മുസ്‌ലിം മതസംഘടനയുടെ നിയന്ത്രണത്തിലുള്ള സാംസ്‌കാരിക സംഘടന നടത്തുന്ന കവിയരങ്ങിന്റെ വേദിയില്‍ പെണ്‍കവികള്‍ ഇല്ല എന്നത് ഒട്ടും അത്ഭുതകരമായ കാര്യമല്ല, എന്നാല്‍ അത്തരം ഒരു യാഥാസ്ഥിതിക മത സമൂഹത്തിന്റെ ഭാവുകത്വ പരിസരത്തില്‍ ഈ പുരുഷകവികള്‍ ഏത് കവിതയായിരിക്കും വായിക്കുക എന്നാണ് സന്തോഷ് ഹൃഷികേശ് എന്ന പൊഫൈല്‍ വിഷയത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ലിംഗ സമത്വത്തെ കുറിച്ചും സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചും പുരോഗമന ചിന്തയെക്കുറിച്ചുമൊക്കെ കവിത ചൊല്ലുന്ന അതേ മഹാകവികളാണ് ഇത്തരം ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതാണ് പ്രശാന്ത് എന്ന പ്രൊഫൈല്‍ പറയുന്നത്.
’കവിത ഏതായാലെന്ത്? കുറെ പ്രശസ്തരെ ഒരു സ്റ്റേജില്‍ നിരത്തുക എന്നതില്‍ കവിഞ്ഞ് പല സംഘാടകര്‍ക്കും വലിയ ലക്ഷ്യങ്ങളൊന്നുമില്ല. കവികളോര്‍ക്കും തങ്ങള്‍ മഹാ സംഭവമായതു കൊണ്ട് ക്ഷണിച്ചതാണെന്ന്. അതാണതിലെ തമാശ,’ എന്നായിരുന്നു വിഷയത്തില്‍ എഴുത്തുകാരി ശാരദക്കുട്ടിയടെ കമന്റ്.
മര്‍ക്കസ് നോളജ് സിറ്റിയില്‍ നടന്ന മറ്റൊരു പരിപാടിയിലെ വനിതാ പങ്കാളിത്തത്തില്‍ കഴിഞ്ഞ ദിവസം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എ.പി സുന്നി വിഭാഗം വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവാദം.
പൊതുവേദികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ലെന്നാണ് എ.പി സുന്നി നേതാവ് എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ നേരത്തെ മുതലുള്ള നിലപാട്. എന്നാല്‍ അദ്ദേഹത്തിന്റെ മകന്‍ ഹക്കിം അസ്ഹരിയുടെ നിയന്ത്രണത്തിലുള്ള പുതുപ്പാടിയിലെ നോളജ് സിറ്റിയില്‍ തന്നെയാണ് വനിതകള്‍ പങ്കെടത്ത ആഗോളകാലാവസ്ഥാ സമ്മേളനം നടന്നത്. ഈ സംഭവത്തിലാണ് എ.പി. സമസ്ത വിശദീകരണം തേടിയിരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍