കോയമ്പത്തൂരിൽ ഓടുന്ന കാറിൽ സ്ഫോടനം; ചവേർ ആക്രമണമെന്ന് സൂചന, അന്വേഷണം


കോയമ്പത്തൂർ: ഓടുന്ന കാർ പൊട്ടിത്തെറിച്ച് യുവാവ് കൊല്ലപ്പെട്ട സംഭവം ചവേർ ആക്രമണമെന്ന് സൂചന. ഇത് സംബന്ധിച്ച് തമിഴ്നാട് പൊലീസ് അന്വേഷണം ആരംഭിച്ചതായി ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഉക്കടം ജിഎം നഗറില്‍ എന്‍ജിനീയറിംഗ് ബിരുദധാരിയായ ജമേഷ മുബിന്‍ ആണ് മരിച്ചത്. കോട്ടൈമേട് സംഗമേശ്വര്‍ ക്ഷേത്രത്തിന് സമീപത്താണ് സംഭവം. കാറിനുള്ളിലെ എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.

2019 ല്‍ എന്‍ഐഎ ചില കേസുകളിൽ പേരുള്ളവരുമായി ബന്ധമുണ്ടെന്ന് സംശയിച്ച് ചോദ്യം ചെയ്ത യുവാവാണ് മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവം അപകടമാണോ ഗൂഢാലോചനയാണോ എന്ന കാര്യത്തില്‍ അന്വേഷണം നടത്തിവരികയാണ് പൊലീസ്. കൊല്ലപ്പെട്ടയാൾ കൊട്ടൈമേട് ക്ഷേത്രത്തോട് അടുത്ത് ചാവേർ സ്ഫോടനത്തിന് ശ്രമിച്ചിരിക്കാമെന്ന് ഡിജിപി ശൈലേന്ദ്ര ബാബു പറഞ്ഞു. സൈൻബോർഡ് ഒഴികെ ക്ഷേത്രത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും ഡിജിപി അറിയിച്ചു.

പൊട്ടാത്തതുള്‍പ്പെടെ രണ്ട് എല്‍പിജി സിലിണ്ടറുകളും സ്റ്റീല്‍ ബോളുകള്‍, അലുമിനിയം, ഇരുമ്പ് എന്നിവയും പൊലീസ് സംഭവ സ്ഥലത്ത് നിന്നും കണ്ടെടുത്തു. ഇതിനെ തുടർന്നാണ് തീവ്രവാദ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ സ്‌ഫോടകവസ്തുക്കൾ നിർമ്മിക്കാൻ ഉപയോ​ഗിക്കുന്ന പൊട്ടാസ്യം നൈട്രേറ്റ്, അലുമിനിയം പൗഡർ, സൾഫർ, കരി എന്നിവ വ്യക്തമല്ലാത്ത അളവിൽ കണ്ടെടുത്തതായും ഡിജിപി പറഞ്ഞു.

ഞായറാഴ്ച പുലർച്ചെ നാലോടെയാണു സംഭവം. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ കാര്‍ രണ്ടായി പിളര്‍ന്നു. ചെക്പോസ്റ്റിൽ പൊലീസിനെ കണ്ട യുവാവ് പുറത്തിറങ്ങാൻ ശ്രമിക്കുന്നതിനിടെയാണു സ്ഫോടനം. പൊള്ളാച്ചിക്കു സമീപം കഞ്ചംപെട്ടിയിലെ പ്രഭാകരൻ എന്നയാളുടേതാണു കാർ എന്നും പൊലീസ് പറയുന്നു. 

ചെന്നൈയില്‍ നിന്നുള്ള ഫോറന്‍സിക് വിദഗ്ധരുടെ ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്‌പോസല്‍ സ്ക്വാഡ് സംഭവ സ്ഥലത്ത് തെളിവുകള്‍ ശേഖരിക്കുന്നുണ്ട്. ക്ഷേത്രത്തിന് സമീപം മില്‍ക്ക് ബൂത്ത് നടത്തുന്ന പ്രദേശവാസിയായ സെന്തില്‍ കണ്ണന്‍ പുലര്‍ച്ചെ നാല് മണിയോടെ കട തുറക്കാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോഴാണ് കാര്‍ പൊട്ടിത്തെറിക്കുന്നത് കണ്ടതെന്ന് പൊലീസ് പറഞ്ഞു. കോട്ടൈമേട് സംഗമേശ്വരർ ക്ഷേത്രത്തിലേക്കുള്ള എല്ലാ റോഡുകളും സീല്‍ ചെയ്തു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനും പ്രദേശത്തേക്ക് പുറത്തുനിന്നുള്ളവര്‍ പ്രവേശിക്കുന്നത് തടയാനും പ്രദേശത്ത് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍