ദുർമന്ത്രവാദത്തിനായി യുവതിയെ നഗ്നപൂജയ്ക്ക് പ്രേരിപ്പിച്ച ഭർതൃമാതാവ് അറസ്റ്റിൽ; ഭർത്താവും മന്ത്രവാദിയും ഒളിവിൽ
കൊല്ലം: ചടയമംഗലത്ത് ബാധ ഒഴിപ്പിക്കാൻ എന്ന പേരിൽ യുവതിയെ പീഡിപ്പിച്ചെന്ന് പരാതിയിൽ ഭർതൃമാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ യുവതിയുടെ ഭർത്താവും ഭർതൃസഹോദരിയും മന്ത്രവാദിയും ഉൾപ്പടെ നാലുപേർ ഒളിവിലാണ്. ചടയമംഗലം സ്വദേശിയായ അബ്ദുൾ ജബ്ബാർ ആണ് ദുർമന്ത്രവാദത്തിന്റെ പേരിൽ നഗ്ന പൂജയ്ക്ക് ഇരയാക്കാൻ ശ്രമിച്ചതെന്ന ആരോപണവുമായി കഴിഞ്ഞ ദിവസം യുവതി രംഗത്തെത്തിയിരുന്നു.
ഭർത്താവ് ഷാലുവും അമ്മയും ചേർന്നാണ് യുവതിയെ അബ്ദുൾ ജബ്ബാറിന്റെ അടുത്ത് നഗ്ന പൂജയ്ക്ക് എത്തിച്ചത് എന്നാണ് യുവതിയുടെ ആരോപണം. വിവാഹത്തിന് ശേഷം തമിഴ്നാട്ടിൽ കൊണ്ടുപോവുകയും ജബ്ബാറിന്റെ അരികിലെത്തിച്ചു നഗ്നപൂജയ്ക്ക് നിർബന്ധിക്കുകയും ചെയ്തതായാണ് ആരോപണം.
അവിടെ മറ്റ് യുവതികളെയും നഗ്ന പൂജ നടത്തിയിരുന്നത് കാണാനിടയായെന്ന് യുവതി പറയുന്നു. അബ്ദുൾ ജബ്ബാറിനെതിരെ പരാതി സ്വീകരിക്കാൻ ആദ്യം പോലീസ് മടിച്ചതായും യുവതി ആരോപിക്കുന്നു. ഇലന്തൂർ നരബലിയെ തുടർന്നാണ് യുവതി ചടയമംഗലം പോലീസിൽ പരാതി നൽകുകയും സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തത്. ആറ്റിങ്ങൽ പോലീസിലും യുവതി പരാതി നൽകിയിട്ടുണ്ട്.
ഭർത്താവിന്‍റെ സഹോദരി ശ്രുതിയാണ് തന്നെ മറ്റുള്ളവർക്ക് കാഴ്ചവെക്കാൻ നിർബന്ധിച്ചിരുന്നതെന്നും യുവതി പറഞ്ഞു. ഇവർക്കൊപ്പം നിലമേൽ സ്വദേശിയായ സിദ്ദിഖ് എന്നയാളും ഉണ്ടായിരുന്നതായി പരാതിക്കാരി പറയുന്നു. സിദ്ദിഖ് എന്നയാൾ തന്‍റെ വസ്ത്രം വലിച്ചുകീറിയപ്പോൾ അതൊന്നും സാരമില്ലെന്നും മന്ത്രിവാദത്തിന്‍റെ ഭാഗമാണെന്നും ഭർത്താവ് തന്നോട് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍