വനിതാ കായികതാരങ്ങള്‍ക്കുനേരെ മദ്യക്കുപ്പിയേറ്;എൽ.ഡി. ക്ലാർക്ക് റിമാൻഡിൽ.
കോഴിക്കോട്: ഗോകുലം കേരള എഫ്.സി. വനിതാടീമിലെ വിദേശതാരങ്ങൾക്കുനേരെ മദ്യക്കുപ്പിയെറിഞ്ഞ കോർപ്പറേഷനിലെ എൽ.ഡി. ക്ലാർക്ക് റിമാൻഡിൽ. കോഴിക്കോട് കുതിരവട്ടം സ്വദേശിയും കോഴിക്കോട് കോർപ്പറേഷനിലെ ലോവർ ഡിവിഷൻ ക്ലാർക്കുമായ മേലേ മുല്ലശേരി ആലിയോട്ടുപറമ്പിൽ അരുൺകുമാറിനെ(34)യാണ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ്ചെയ്തത്. കസബ ഇൻസ്പെക്ടർ എൻ. പ്രജീഷാണ് ചൊവ്വാഴ്ച ഇയാളെ അറസ്റ്റുചെയ്തത്.
കോർപ്പറേഷൻ സെക്രട്ടറിക്ക് പോലീസ് വ്യാഴാഴ്ച എഫ്.ഐ.ആറിന്റെ കോപ്പിയും റിമാൻഡ് റിപ്പോർട്ടും നൽകും. ഇതോടെ കോർപ്പറേഷൻ ജീവനക്കാരനെതിരേ നടപടി സ്വീകരിക്കേണ്ടിവരും.
ഘാന കായികതാരങ്ങളായ ബിയാട്രീസ്(27), വിവിയൻ(22), കെനിയ താരമായ ബർത്ത(27) എന്നിവർക്കുനേരെയാണ് കുപ്പിയെറിഞ്ഞത്. ഇവരിൽ ബിയാട്രീസ്, ബർത്ത എന്നിവർക്കാണ് പരിക്കേറ്റത്. അരുൺകുമാർ മൂവർസംഘത്തിലെ ഒരാളുടെ മുടി പിടിച്ചുവലിക്കുകയും ചെയ്തെന്നാണ് പരാതി.
സ്റ്റേഡിയത്തിൽ പരിശീലനംകഴിഞ്ഞ് മടങ്ങുകയായിരുന്ന ടീമംഗങ്ങൾക്കുനേരെയാണ് ബിയർകുപ്പി എറിഞ്ഞത്. മൂവരും കോട്ടൂളിയിലുള്ള താമസസ്ഥലത്തേക്ക് പോകുന്നതിനായി അവരുടെ വാഹനവുംകാത്ത് നിൽക്കുകയായിരുന്നു. എറിഞ്ഞ കുപ്പി പൊട്ടിച്ചിതറി തെറിക്കുകയായിരുന്നു. സംഭവംകണ്ട് ചോദിക്കാൻചെന്ന വിവിയൻ കൊനേരു അഡ്ജയുടെ മുടിപിടിച്ചുവലിക്കുകയും ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍