കോടിയേരിക്ക് ഹൃദയാഭിവാദ്യം; വാക്കുകൾ ഇടറി പിണറായി

തലശ്ശേരി: കോടിയേരി ബാലകൃഷ്ണന്റെ അനുശോചന യോഗത്തില്‍ വികാരനിര്‍ഭരനായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രിയ സഖാവിന് വിട ചൊല്ലുമ്പോള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ മുറിഞ്ഞിരുന്നു, ശബ്ദം താഴ്ന്നു.

ഇത്തരമൊരു യാത്രയയപ്പ് വേണ്ടിവരുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയതല്ല. അതുകൊണ്ട് വാക്കുകള്‍ മുറിഞ്ഞേക്കാം, വാചകങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നേക്കാം എന്ന് പറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രി തുടങ്ങിയത്. കോടിയേരിയെ ചികിത്സിച്ച ഡോക്ടര്‍മാറുടെ ഭാഗത്ത് നിന്ന് വലിയ സഹകരണമാണ് ഉണ്ടായിരുന്നത്. അവരുടെ കഴിവിന്റെ പരമാവധി അവര്‍ ഉപയോഗിച്ചിരുന്നു. അവര്‍ക്കെല്ലാവര്‍ക്കും സിപിഐഎമ്മിന്റെ പേരില്‍ കൃതജ്ഞത രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

ഒടുവില്‍ അപ്പോളോ ആശുപത്രിയില്‍ എത്തിയപ്പോള്‍ അവിടെയും മികച്ച പരിചരമണാണ് കോടിയേരിക്ക് ലഭിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പക്ഷെ ചില കാര്യങ്ങള്‍ നമ്മുടെ ആരുടെയും നിയന്ത്രണത്തില്‍ അല്ല. ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ക്ക് വല്ലാത്ത അവസ്ഥ അപ്പോഴേക്കും അദ്ദേഹത്തിന് സംഭവിച്ചിരുന്നു. എങ്കിലും പരമാവധി ശ്രമം ഡോക്ടര്‍മാര്‍ നടത്തിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു

'നമ്മുടെ സമൂഹത്തില്‍ മനുഷ്യ നന്മ പൂര്‍ണമായി ഒഴിവായിട്ടില്ല എന്ന് തെളിയിക്കുന്ന ചില സന്ദര്‍ഭങ്ങളാണ് ഇത്തരത്തിലുള്ള ചില ഘട്ടങ്ങളിലുണ്ടാകുന്നത്. കോടിയേരിയുടെ വേര്‍പാട് തങ്ങളെയെല്ലാം എങ്ങനെ വേദനിപ്പിച്ചോ അതേ വികാരവായ്‌പോടെ കേരള സമൂഹവും ഏറ്റെടുത്തു. അതില്‍ നമ്മുടെ മാധ്യമങ്ങള്‍ വളരെ ആരോഗ്യപരമായ നിലപാടാണ് സ്വീകരിച്ചത്. ഒരു തരത്തിലുള്ള കലര്‍പ്പുമില്ലാതെ റിപ്പോര്‍ട്ട് ചെയ്യുന്ന നിലയാണ് മാധ്യമങ്ങളുടെ ഭാഗത്ത് നിന്നുണ്ടായത്. സിപിഐഎമ്മിന്റെ താങ്ങാനാകാത്ത ഈ വിഷമഘട്ടത്തില്‍ ഒരു പക്ഷത്ത് എന്നില്ലാതെ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും കോടിയേരിയുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി കൊണ്ട് മുന്നോട്ട് വന്ന സ്ഥിതിയാണുണ്ടായത്', മുഖ്യമന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍