ബിന്ദു പത്മനാഭന്റെ തിരോധാനത്തിലും ചോദ്യം ചെയ്യൽ; ശവസംസ്കാര ചടങ്ങിൽ ഷാഫിയെപ്പോലൊരു അപരിചിതൻ

ചേർത്തല ∙ ഒൻപത്‌ വർഷം മുൻപ് ചേർത്തലയിൽ നിന്ന്  ബിന്ദു പത്മനാഭനെ  കാണാതായതുമായി ബന്ധപ്പെട്ട് നരബലിക്കേസ് പ്രതി മുഹമ്മദ് ഷാഫിയെ അന്വേഷണ സംഘം ചോദ്യം ചെയ്യും. ബിന്ദുവിന്റെ  തിരോധാനത്തിൽ  ഷാഫിക്ക് ബന്ധമുണ്ടെന്ന  സംശയത്തിന്റെ അടിസ്ഥാനത്തിലാണ്   ബിന്ദുവിനെക്കുറിച്ച് അന്വേഷിക്കുന്ന സംസ്ഥാന ക്രൈംബ്രാഞ്ച് സംഘം  ഷാഫിയെ  ചോദ്യം ചെയ്യുക. ബിന്ദു കേസിന്റെ ഇതുവരെയുള്ള വിവരങ്ങളും സംശയങ്ങളും അടിസ്ഥാനമാക്കി അടുത്ത ആഴ്ച ചോദ്യം ചെയ്യാനാണ് തീരുമാനമെന്ന് സംസ്ഥാന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി: ആർ. സുരേഷ് പറഞ്ഞു.

ഷാഫിയുടെ ചിത്രങ്ങൾ മാധ്യമങ്ങളിൽ കണ്ടതോടെയാണ് പ്രദേശവാസികളിൽ ചിലരും ബിന്ദുവിന്റെ കുടുംബവും അത്തരത്തിലൊരു  വിവരം അന്വേഷണ സംഘത്തിനു കൈമാറിയത്. ബിന്ദുവിന്റെ സഹോദരൻ പി. പ്രവീൺ അഭിഭാഷകൻ മുഖേന അന്വേഷണ സംഘത്തെ വിവരങ്ങൾ അറിയിച്ചിട്ടുണ്ട്. ബിന്ദുവിന്റെ പിതാവ് പത്മനാഭൻ 2002ലാണ് മരിച്ചത്. അന്നു ശവസംസ്കാര ചടങ്ങിൽ ഷാഫിയെപ്പോലൊരു അപരിചിതനെ കണ്ടെന്ന വിവരമാണ് പ്രധാനമായും അന്വേഷണ സംഘത്തിന് നൽകിയത്. നേരത്തെയുള്ള മൊഴിയെടുക്കലിൽ ഇത്തരത്തിലുള്ള ഒരാളെക്കുറിച്ച് കുടുംബം പറഞ്ഞിട്ടുമുണ്ട്. ഭാര്യയും മകനുമായാണ് അന്നു വന്നത്. രണ്ടു മണിക്കൂറോളം വീട്ടിൽ ചെലവഴിച്ചു.

സിന്ധുവിന്റെ തിരോധാനം:അന്വേഷിക്കാൻ പ്രത്യേക സംഘം

ചേർത്തല ∙ ബിന്ദു പത്മനാഭന്റെ തിരോധാനം കൂടാതെ, ചേർത്തലയിൽ മറ്റൊരു ബിന്ദുവിന്റെ തിരോധാനം അന്വേഷിക്കാനും പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചു. അർത്തുങ്കൽ സ്റ്റേഷൻ പരിധിയിൽ ചേർത്തല തെക്ക് പഞ്ചായത്ത് 13–ാം വാർഡ് വള്ളാകുന്നത്തുവെളി ഉല്ലാസിന്റെ ഭാര്യ ബിന്ദു എന്നു വിളിക്കുന്നസിന്ധുവിന്റെ (45) തിരോധാനമാണ് ചേർത്തല ഡിവൈഎസ്പി ടി.ബി.വിജയന്റെ നേതൃത്വത്തിൽ അർത്തുങ്കൽ സിഐ പി.ജി.മധു, എസ്ഐ ഡി.സജീവ് എന്നിവരടങ്ങുന്ന ഏഴംഗ സംഘം അന്വേഷിക്കുന്നത്. നരബലി കേസിന്റെ പശ്ചാത്തലത്തിൽ ഇതിനോടകം കാണാതായ വനിതകൾക്കു വേണ്ടി പ്രത്യേക അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് പുതിയ സംഘം. 2020 ഒക്ടോബർ 19ന് വൈകിട്ട് തിരുവിഴ ക്ഷേത്രത്തിൽ പോകുന്നെന്നു പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയതാണ് സിന്ധു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍