അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരിക്കെ വയോധികൻ മരിച്ചു-പോലീസിനെ അറിയിച്ചില്ല. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടത്തിനു അനുമതി

ഓമശ്ശേരി.ഓമശ്ശേരിയില്‍ കഴിഞ്ഞദിവസം അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച വയോധികന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം നടത്തുന്നു. ഓമശ്ശേരി കാക്കാട് ഹുസൈന്‍(65)ന്റെ മൃതദേഹം ആണ് മൂന്നാം ദിവസം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം നടത്തുന്നത്. മേലെ ഓമശ്ശേരി വെച്ച് കഴിഞ്ഞ രണ്ടാം തിയ്യതി പുലര്‍ച്ചെ ബൈക്ക് ഇടിച്ചാണ് ഹുസൈന് പരുക്കേറ്റത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഹുസൈനെ എട്ടാം തിയ്യതി ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.

ഇവിടെ ഡയാലിസിസ് ചെയ്തിരുന്ന ഹുസൈന്‍ തിങ്കളാഴ്ച മരിച്ചു.മരണ വിവരം ആശുപത്രി അധികൃതര്‍ പോലീസിനെ അറിയിച്ചില്ല. ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത മൃതദേഹം ഓമശ്ശേരി
ചോലക്കൽ ജുമുഅ മസ്ജിദ് ഖർസ്ഥാനിൽ മറവ് ചെയ്തു. പിന്നീടാണ് മരണ വിവരം കൊടുവള്ളി പോലീസ് അറിയുന്നത്. തുടർന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ എഡിഎമ്മിന്റെ അനുമതി തേടുകയായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെ താമരശ്ശേരി തഹസിൽദാർ സി സുബൈർ, കൊടുവള്ളി ഇൻസ്പെക്ടർ ചന്ദ്രമോഹൻ എന്നിവരുടെ നേതൃത്വത്തിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ള സംഘം എത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ഇവിടെത്തന്നെ മറവ് ചെയ്യും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍