വിദ്യാര്‍ഥിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍
മുക്കം : വിദ്യാര്‍ഥിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കം മദ്രസയിലെ അധ്യാപകനും കാരശ്ശേരി കുമാരനെല്ലൂര്‍ സ്വദേശിയുമായ കൊന്നാലത്ത് വീട്ടില്‍ മുബഷിറി (40) നെയാണ് മുക്കം പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം.
മദ്രസയിലെത്തിയ വിദ്യാര്‍ഥിയെ അധ്യാപകന്‍ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. വിവരം പുറത്തുപറയരുതെന്ന് അധ്യാപകന്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് വിദ്യാര്‍ഥി സംഭവം മറച്ചുവെക്കുകയായിരുന്നു. വിദ്യാര്‍ഥിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ രക്ഷിതാക്കള്‍ കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്.
രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് കേസെടുത്ത മുക്കം പോലീസ് ചൊവ്വാഴ്ച രാത്രിയോടെയാണ് പ്രതിയെ
വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്. പോക്സോ കേസ് പ്രകാരം കേസെടുത്ത് താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
മുക്കം എസ്.ഐ. ജിതേഷ്. എ.എസ്.ഐ. ജോയി തോമസ്, എസ്.സി.പി.ഒമാരായ ഷറഫുദ്ദീന്‍, അബ്ദുല്‍ റഷീദ്, മുംതാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍