സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി ഉണ്ണികുളത്ത് ഗാർഹിക പാചക വാതക കണക്ഷൻ നൽകി തുടങ്ങി

പൂനൂർ : ഉണ്ണികുളം പഞ്ചായത്തിലെ 52 വീടുകളിലാണ് പൈപ്പ് നാച്ചുറല്‍ ഗ്യാസ് (പി.എന്‍.ജി) കണക്ഷന്‍ നല്‍കി പാചക വാതകം എത്തിച്ചത്. 81 വീടുകളില്‍ കണക്ഷന്‍ നല്‍കാനുള്ള പ്രവൃത്തി പുരോഗമിക്കുകയാണ്. ഐ.ഒ.ജി.പി.എല്ലിന്റെ ഉണ്ണികുളത്തെ സിറ്റി ഗേറ്റ് സ്റ്റേഷനില്‍ (സി.ജി.എസ്) സ്ഥാപിച്ച ഡിസ്ട്രിക്‌ട് റെഗുലേറ്റിങ് സ്റ്റേഷനില്‍ നിന്നും (ഡി.ആര്‍.എസ്) വിവിധ വലുപ്പത്തിലുള്ള മീഡിയം ഡെന്‍സിറ്റി പോളി എത്തിലീന്‍ (എം.ഡി.പി.ഇ) പൈപ്പുകള്‍ വഴിയാണ് ഗ്യാസ് വിതരണം ചെയ്യുന്നത്.

ഗ്യാസ് വിതരണ ശൃംഖലയിലുള്ള സര്‍വിസ് റെഗുലേറ്റര്‍, കസ്റ്റമര്‍ റെഗുലേറ്റര്‍ വഴി ഡി.ആര്‍.എസില്‍ നിന്നും 26 ബാര്‍ മര്‍ദത്തിലുള്ള ഗ്യാസ് വിവിധ ഘട്ടങ്ങളിലായി മര്‍ദം കുറച്ച്‌ 21 മില്ലി ബാറിലാണ് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നത്. ഉണ്ണികുളം പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്, നാല്, എട്ട്, 14 വാര്‍ഡുകളില്‍ പൈപ്പ് സ്ഥാപിക്കല്‍ പ്രവൃത്തിയും ഉപഭോക്താക്കളുടെ രജിസ്ട്രേഷനും തുടരുകയാണ്. പനങ്ങാട്, ബാലുശ്ശേരി പഞ്ചായത്തുകളിലും ഉണ്ണികുളം പഞ്ചായത്തിലെ മറ്റു വാര്‍ഡുകളിലും പൈപ്പ് ലൈന്‍ ശൃംഖല വിപുലീകരിക്കാനുള്ള സര്‍വേയും പുരോഗമിക്കുകയാണ്. ഡിസംബര്‍ അവസാനത്തോടെ 300 വീടുകളിലും 2023 ജൂണോടെ 25,000 വീടുകളിലും കണക്ഷന്‍ നല്‍കാനാണ് കമ്ബനി ലക്ഷ്യമിടുന്നതെന്ന് ഐ.ഒ.ജി.പി.എല്‍ ജി.എ ഹെഡ് കെ.എം. ദിനൂജ് അറിയിച്ചു. 

പാചക വാതക വിതരണത്തിനായുള്ള മീഡിയം പ്രഷര്‍, ലോ പ്രഷര്‍ ശൃംഖലയിലുള്ള 21 കിലോമീറ്റര്‍ എം.ഡി.പി.ഇ പൈപ്പ് ലൈന്‍ കമീഷന്‍ ചെയ്തു. ഈ പദ്ധതി വഴി കിനാലൂരിലുള്ള കെ.എസ്.ഐ.ഡി.സിയുടെ വ്യവസായ പാര്‍ക്കിലേക്ക് ഗ്യാസ് എത്തിക്കാനുള്ള പ്രാരംഭ നടപടികളും ആരംഭിച്ചു. 

പദ്ധതിയുടെ ഒന്നാംഘട്ടത്തിന്റെ ഭാഗമായി കോഴിക്കോട് നഗരത്തിലേക്ക് പ്രകൃതി വാതകം എത്തിക്കുന്നതിനുള്ള 23.9 കിലോമീറ്റര്‍ സ്റ്റീല്‍ പൈപ്പ് ലൈന്‍ ഉണ്ണികുളത്തെ സിറ്റി ഗേറ്റ് സ്റ്റേഷനില്‍നിന്നും കുന്ദമംഗലം വരെ 26 ബാര്‍ മര്‍ദത്തില്‍ കമീഷന്‍ ചെയ്തു. രണ്ടാം ഘട്ടത്തില്‍ 42 കിലോമീറ്റര്‍ പൈപ്പ് ലൈന്‍ ഇടലാണ് പദ്ധതിയിലുള്ളത്. ഇതിന്റെ ഭാഗമായി കോഴിക്കോട് നഗരസഭ പരിധിയില്‍ സ്റ്റീല്‍ പൈപ്പ് ലൈന്‍ ഇടല്‍ പൂര്‍ത്തിയായ പാവങ്ങാട് മുതല്‍ നല്ലളം വരെയുള്ള 14 കിലോമീറ്ററില്‍ ഹൈഡ്രോ ടെസ്റ്റ്, ഐസൊലേഷന്‍ വാല്‍വ് സ്ഥാപിക്കല്‍ തുടങ്ങിയ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കും. 

മാവൂര്‍ റോഡിലും പൈപ്പ് ലൈന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. അടുത്ത ഘട്ടമായി നഗരസഭ പരിധിയില്‍ പാചക വാതക വിതരണം തുടങ്ങാനാവശ്യമായ ഡിസ്ട്രിക് റെഗുലേറ്റിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് ആറിടങ്ങളില്‍ സ്ഥലം പാട്ടത്തിന് ലഭിക്കാന്‍ ഐ.ഒ.ജി.പി.എല്‍ നഗരസഭക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. അനുയോജ്യമായ സ്ഥലങ്ങള്‍ വിട്ടുകിട്ടുന്ന മുറക്ക് നഗരത്തില്‍ എം.ഡി.പി.ഇ പൈപ്പുകള്‍ സ്ഥാപിക്കാന്‍ അതതു റോഡ് അതോറിറ്റികളിലും അപേക്ഷ സമര്‍പ്പിക്കും. നിലവിലുള്ള 12 സി.എന്‍.ജി പമ്ബുകള്‍ക്കു പുറമെ എകരൂല്‍, ഓമശ്ശേരി, കടലുണ്ടി, പടനിലം, കല്‍പറ്റ എന്നിവിടങ്ങളില്‍ പുതിയ പമ്ബുകള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും.