കട്ടിപ്പാറ: തലയാട് ഭാഗത്തെ വ്യാജ വാറ്റ് കേന്ദ്രം എക്‌സൈസ് തകര്‍ത്തു. തലയാട് 27-ാം മൈലിലെ മലമുകളില്‍ വ്യാവസായികാടിസ്ഥാനത്തില്‍ നടത്തിയ വ്യാജ വാറ്റാണ് എക്‌സൈസ് പിടികൂടിയത്. 10 ബാരലുകളിലായി സൂക്ഷിച്ച രണ്ടായിരത്തിലധികം ലിറ്റര്‍ വാഷ് എക്‌സൈസ് പിടിച്ചെടുത്ത് നശിപ്പിച്ചു. ഗ്യാസ് അടുപ്പുകള്‍, ചെമ്പുകള്‍, ബാരലുകള്‍ തുടങ്ങിയ വാറ്റുപകരണങ്ങള്‍ എക്‌സൈസ് കസ്റ്റഡിയിലെടുത്തു.

ഏറെ ഉയരത്തിലുള്ള കുന്നിന്‍ പ്രദേശത്താണ് വാറ്റു കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. വന്‍ തോതില്‍ ചാരായം ഉത്പാദിപ്പിച്ച് ഏജന്റുമാര്‍ വഴി വിറ്റഴിക്കുകയാണ് പതിവ്. കോഴിക്കോട് ഐ ബി പ്രവന്റീവ് ഓഫീസര്‍ ചന്ദ്രന്‍ കുഴിച്ചാല്‍ നല്‍കിയ രഹസ്യ വിവരത്തെ തുടര്‍ന്ന് താമരശ്ശേരി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രവന്റീവ് ഓഫീസര്‍മാരായ ടി കെ സഹദേവന്‍, പ്രവേശ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രഭിത് ലാല്‍, ശ്യാം പ്രസാദ്, പി ജെ മനോജ് എന്നിവരടങ്ങിയ സംഘമാണ് വാറ്റ് കേന്ദ്രം കണ്ടെത്തി നശിപ്പിച്ചത്.

എക്‌സൈസിന്റെ വരവ് മനസ്സിലാക്കിയ വാറ്റ് സംഘം പ്രദേശത്ത് നിന്നും ഓടി രക്ഷപ്പെട്ടിരുന്നു. സംഭവത്തില്‍ താമരശ്ശേരി എക്‌സൈസ് റെയ്ഞ്ച് ഓഫീസില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.