ഓടുന്ന ബസിനു മുന്നിൽ ചാടി യുവാവിന്റെ സാഹസം; ചില്ല് തകർന്ന് റോഡിൽ, ഡ്രൈവിങ് സീറ്റിലും പരാക്രമം
പെരിന്തൽമണ്ണ: ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് എടുത്തുചാടി യുവാവിൻറെ പരാക്രമം. അങ്ങാടിപ്പുറം സ്വദേശിയായ യുവാവാണ് ബുധനാഴ്ച വൈകീട്ട് അഞ്ചോടെ ജൂബിലി ജങ്ഷനിൽ എ.ബി.സി. മോട്ടോഴ്സിന് സമീപത്ത് ബസിനു മുന്നിൽ ചാടിയും ബസിന്റെ ഡ്രൈവിങ് സീറ്റിൽ കയറിയിരുന്നും പരാക്രമം കാട്ടിയത്. തലയ്ക്കും കൈയ്ക്കും പരിക്കുകളോടെ ഇയാളെ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റോഡിന്റെ ഡിവൈഡറിലായിരുന്നു ഇയാൾ നിന്നിരുന്നത്. മങ്കട ഭാഗത്തുനിന്നും വന്ന ബസിന് നേരെ മുന്നിലേക്ക് യുവാവ് ഓടിയെത്തി ഉയർന്നു ചാടുകയായിരുന്നു. വലിയ ശബ്ദത്തോടെ ബസിന്റെ ചില്ല് തകരുകയും ദൂരേക്ക് യുവാവ് തെറിച്ചുവീഴുകയും ചെയ്തു. അല്പനേരം റോഡിലിരുന്ന ശേഷം ഇയാൾ ബസിന്റെ ഡ്രൈവിങ് സീറ്റിൽ കയറിയിരുന്ന് കാലുകൾ സ്റ്റിയറിങ്ങിലേക്ക് കയറ്റിവെച്ച് പരാക്രമം തുടർന്നു.
പെരിന്തല്മണ്ണ പോലീസെത്തി യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ലെന്നും ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷം യുവാവിനെ ചോദ്യം ചെയ്താലേ വ്യക്തത വരികയുള്ളൂ എന്നും പോലീസ് അറിയിച്ചു.
