ഒളിച്ചോടിയ യുവതി പൊലീസിന് മുന്നില്‍ ഹാജരായി; കാമുകനൊപ്പം വിട്ടയച്ച് കോടതി
കണ്ണൂര്‍: ശ്രീകണ്ഠപുരം ചെങ്ങളായില്‍ നിന്ന് കാണാതായ യുവതി കാമുകനൊപ്പം തളിപ്പറമ്പ് പൊലീസിന് മുന്നില്‍ ഹാജരായി. രണ്ട് കുട്ടികളുടെ അമ്മയാണ് 27 കാരിയായ യുവതി. സംഭവത്തില്‍ യുവതിയുടെ സഹോദരി നല്‍കിയ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു പൊലീസ്.
ഞായറാഴ്ച രാത്രി 11 മണിയോടെയാണ് യുവതിയെ വീട്ടില്‍ നിന്നും കാണാതായത്. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് ഭര്‍ത്താവിന്റെ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിച്ചതായി മെസേജ് വന്നതിനെ തുടര്‍ന്നാണ് വിദേശത്തുളള ഭര്‍ത്താവ് വീട്ടില്‍ വിളിച്ചന്വേഷിച്ചത്. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ മുറിയിലെത്തി നോക്കിയപ്പോഴാണ് കുട്ടികളെ ഉറക്കി കിടത്തി യുവതി കാറുമായി മുങ്ങിയെന്ന് മനസിലാക്കിയത്. മൂന്നും ഏഴും വയസുളള കുട്ടികളാണ് യുവതിക്ക്.
സംഭവത്തെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് സഹോദരിയുടെ 15 പവന്‍ സ്വര്‍ണവും യുവതി കൊണ്ടുപോയതായി മനസിലാക്കിയത്. പെരുവളളത്ത് പറമ്പ് സ്വദേശിയായ ബസ് ഡ്രൈവറുടെ കൂടെയാണ് യുവതി ഇറങ്ങിപ്പോയത്.
ഇതിന് മുന്‍പും യുവതി ഇതേ യുവാവിനൊപ്പം ഒളിച്ചോടിയിരുന്നതായി പറയുന്നു. അന്ന് ഭര്‍ത്താവ് നാട്ടിലെത്തിയാണ് യുവതിയെ തിരികെ കൊണ്ടുവന്നത്. അടുത്താഴ്ച യുവതിയെയും കുട്ടികളെയും വിദേശത്തേക്ക് കൊണ്ടുപോകാന്‍ ഭര്‍ത്താവ് ടിക്കറ്റെടുത്തിരുന്നതായും പറയുന്നു.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇരുവരും മംഗലാപുരത്തുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പൊലീസ് അങ്ങോട്ടേക്ക് പോകാനിരിക്കെയാണ് രണ്ടുപേരും സ്റ്റേഷനില്‍ എത്തിയത്. സ്റ്റേഷനില്‍ വെച്ച് കാറും സ്വര്‍ണവും തിരികെ നല്‍കില്ലെന്നും തനിക്ക് കാമുകനോടൊപ്പം പോകണമെന്നുമാണ് യുവതി ആദ്യം പറഞ്ഞത്. എന്നാല്‍ കോടതിയിലെത്തിയതോടെ കാറും സ്വര്‍ണവും തിരികെ ഏല്‍പ്പിക്കാമെന്നും തനിക്ക് കാമുകനൊപ്പം പോയാല്‍ മതിയെന്നും യുവതി മാറ്റി പറഞ്ഞു. തുടര്‍ന്ന് യുവതിയുടെ താല്‍പ്പര്യപ്രകാരം കോടതി യുവതിയെ കാമുകനൊപ്പം വിട്ടയച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍