മെഡിക്കൽ കോളേജിൽ പെറ്റ് സി.ടി. സ്‌കാൻ


കോഴിക്കോട് : ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പെറ്റ് സി.ടി. സ്കാൻ പ്രവർത്തനസജ്ജമായി. കാൻസർ ഉൾപ്പെടെയുള്ള രോഗനിർണയത്തിൽ വളരെ സഹായകരമായ പെറ്റ് സ്കാൻ സംസ്ഥാനത്ത് സർക്കാർ മെഡിക്കൽ കോളേജുകളിൽ ആദ്യമായാണ് സ്ഥാപിക്കുന്നത്. ഔപചാരിക ഉദ്ഘാടനം പുതുവർഷത്തിൽ നടക്കുമെന്ന് ന്യൂക്ലിയർ മെഡിസിൻ വിഭാഗം അധികൃതർ അറിയിച്ചു. പത്തുകോടിരൂപ ചെലവിൽ ആശുപത്രി വികസനസൊസൈറ്റി മുൻകൈയെടുത്താണ് സ്കാൻ സ്ഥാപിച്ചത്.

സാധാരണക്കാർക്ക് ആശ്വാസം

പെറ്റ് സ്കാൻ ഉപയോഗിച്ച് പ്രതിമാസം 200-ഓളം പേർക്ക് ചികിത്സാനിർണയം നടത്താനാവും. സ്വകാര്യ സ്ഥാപനങ്ങൾ 18,000 മുതൽ 25000 രൂപവരെ ഫീസ് ഈടാക്കുമ്പോൾ മെ‍ഡിക്കൽകോളേജിൽ 11,000 രൂപയേവരൂ. ആരോഗ്യ ഇൻഷുറൻസിൽ ചികിത്സ പൂർണമായും സൗജന്യമാകും. റേഡിയേഷൻ പ്രസരണമുള്ളതിനാൽ ന്യൂക്ലിയർ പവർ പ്ലാന്റിന്റെ അതേനടപടിക്രമങ്ങളാണ് അറ്റോമിക് എനർജി റെഗുലേറ്ററി ബോർഡിന്റെ അംഗീകാരത്തോടെ മെഡിക്കൽകോളേജിലും നടപ്പാക്കിയത്. റേഡിയോ ആക്ടീവ് മരുന്ന് കുത്തിവെച്ചതിനുശേഷമാണ് സ്കാൻ ചെയ്യുക. കൊച്ചിയിലുള്ള മോളിക്യൂലാർ സൈക്ലോട്രോൺസ് എന്ന സ്ഥാപത്തിൽനിന്ന് ആവശ്യത്തിനനുസരിച്ച് മരുന്ന് ദിവസേന എത്തിക്കും. 110 മിനിറ്റ്‌ കഴിയുമ്പോൾ മരുന്നിന്റെ അളവ് പകുതിയായി കുറയുന്നതിനാൽ കൂടുതൽ സൂക്ഷിച്ചുവെക്കാനാകില്ല. ഇഞ്ചക്‌ഷൻ മരുന്നിന് മാത്രം 2500 രൂപയോളം വിലവരും. പെറ്റ് സി.ടി. സ്കാൻ ഉപയോഗിച്ച് പരീക്ഷണാർഥം 150 രോഗികൾക്ക് ഇതുവരെ രോഗനിർണയം നടത്തി.

കാൻസർ ബാധ വളരെ നേരത്തേ കണ്ടെത്താനും രോഗബാധയുടെ ഘട്ടം കൃത്യമായി നിർണയിക്കാനും ചികിത്സയ്ക്ക് ശേഷമുള്ള പുരോഗതി വിലയിരുത്താനും പെറ്റ് സ്കാൻ ഏറെ ഫലപ്രദമാണ്.

പുറമേ പ്രകടമല്ലാത്ത കാൻസർ, അണുബാധ, ക്ഷയരോഗം, മറവി രോഗം, പാർക്കിൻസൺ എന്നിവ കണ്ടെത്താനും പെറ്റ് സ്കാൻ ഉപയോഗിക്കുന്നുണ്ട്. ന്യൂക്ളിയർ മെഡിസിൻ വിഭാഗം മേധാവി ഡോ. വി.പി. അനിലകുമാരി, അസിസ്റ്റന്റ് പ്രൊഫസറർമാരായ ഡോ. പി. ഹരിലാൽ, ഡോ. കെ. അലി സ്നൈവർ, ഡോ. വിവേക് മാത്യു, ഫിസിഷ്യൻ ഡോ. സരിൻ കൃഷ്ണ എന്നിവരടങ്ങിയ വിദഗ്ധസംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍