കൊറിയക്കെതിരായ ബ്രസീലിന്റെ മിന്നും വിജയം പെലെയ്ക്ക് സമർപ്പിച്ച് താരങ്ങൾ


കൊറിയയെ 4 ​ഗോളിൽ മുക്കിയ ബ്രസീലിന്റെ മിന്നും വിജയത്തെ ഇതിഹാസ താരം പെലെയ്ക്ക് സമർപ്പിച്ച് ബ്രസീൽ താരങ്ങൾ. കളിക്കളത്തിൽ ഇറങ്ങുന്നതിന് മുമ്പ് തന്നെ ബ്രസീൽ താരങ്ങൾക്ക് പെലെ ആശംസകളും നേർന്നിരുന്നു. നിങ്ങൾ വിജയിച്ച് വരൂ എന്നാണ് പെലെ താരങ്ങളോട് പറഞ്ഞത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ താന്‍ ശക്തനായിരിക്കുന്നുവെന്ന പ്രതികരണവും ഫുട്‌ബോള്‍ ഇതിഹാസം പെലെ കഴിഞ്ഞ ദിവസം നടത്തിയിരുന്നു. ഇന്‍സ്റ്റഗ്രാം കുറിപ്പിലൂടെയാണ് പെലെയുടെ പ്രതികരണം. എല്ലാവരെയും പോസിറ്റീവായി നിലനിര്‍ത്താന്‍ താന്‍ ആഗ്രഹിക്കുന്നു. ചികിത്സ തുടരുകയാണ്. തന്നെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിക്കുന്നതായും പെലെ കുറിച്ചു

എനിക്ക് ദൈവത്തില്‍ വളരെയധികം വിശ്വാസമുണ്ട്, ലോകമെമ്പാടുമുള്ള നിങ്ങളില്‍ നിന്ന് എനിക്ക് ലഭിക്കുന്ന സ്‌നേഹത്തിന്റെ ഓരോ സന്ദേശവും എന്നെ ഊര്‍ജ്ജസ്വലനാക്കുന്നു. ലോകകപ്പില്‍ ബ്രസീലിനെ കൂടി കാണുക! എല്ലാത്തിനും വളരെ നന്ദി’. – അദ്ദേഹം ട്വീറ്റ് ചെയ്തു. അര്‍ബുദ ബാധിതനായി ചികിത്സയില്‍ കഴിയുന്ന പെലെയെ പാലിയേറ്റീവ് കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചിരുന്നു. പെലയ്ക്ക് കീമോതെറാപ്പിയിലൂടെ പ്രതീക്ഷിച്ച ഫലം ലഭിക്കാതെ വന്നതോടെയാണ് പാലിയേറ്റീവ് കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

ചൊവ്വാഴ്ചയാണ് 82കാരനായ പെലെയെ അര്‍ബുദ ചികിത്സയുടെ ഭാഗമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പെലെയ്ക്ക് ശ്വാസകോശ സംബന്ധമായ അണുബാധ ഉണ്ടെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നു. കീമോതെറാപ്പി ഇപ്പോള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്നും പെലെയെ സാന്ത്വന പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ വേദന, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങള്‍ക്ക് മാത്രമാണ് ചികിത്സ നല്‍കുന്നത്.

അട്ടിമറികളുമായി പ്രീ ക്വാർട്ടറിൽ പ്രവേശിച്ച ഏഷ്യൻ കരുത്ത് കൊറിയയെ 4 ​ഗോളിൽ മുക്കിയായിരുന്നു ബ്രസീലിന്റെ മിന്നും വിജയം. അതിന് പിന്നാലെയാണ് ഇതിഹാസ താരം പെലെയ്ക്ക് ബ്രസീൽ താരങ്ങൾ ഈ വിജയം സമർപ്പിച്ചത്. ആദ്യ പകുതിയിലെ ദയനീയ പ്രകടനത്തിന് ശേഷം രണ്ടാം പകുതിയിൽ ബ്രസീലിനെതിരെ ഒരു ​ഗോൾ മടക്കിയെങ്കിലും വിജയിക്കാൻ കൊറിയയ്ക്ക് അത് പോരായിരുന്നു. കളിയുടെ 76ാം മിനിറ്റിൽ പാലിക്ക് സേ ഉങ് ആണ് കൊറിയയ്ക്കായി ​ഗോൾ നേടിയത്. കോർണറിൽ നിന്ന് തുറന്നെടുത്ത അവസരമാണ് ബ്രസീൽ പ്രതിരോധ നിരയെ മറികടന്ന് ബോക്സിന് പുറത്തുനിന്നുള്ള ​തകർപ്പൻ ഷോട്ടിലൂടെ ​ഗോളായി മാറിയത്. ക്രൊയേഷ്യ ആയിരിക്കും ബ്രസീലിന്റെ ക്വാർട്ടറിലെ എതിരാളികൾ.

കൊറിയൻ കരുത്തിനെ മത്സരത്തിന്റെ തുടക്കത്തിൽ തന്നെ 4 ​ഗോളുകളടിച്ച് ബ്രസീൽ പ്രതിരോധത്തിലാക്കിയിരുന്നു. വിനീഷ്യസും നൈമറും റിച്ചാർലിസനും പെക്വുറ്റയുമാണ് ബ്രസീലിനായി ഗോളുകൾ നേടിയത്. മത്സരത്തിന്റെ ഏഴാം മിനിറ്റിലാണ് വിനീഷ്യസ് ​ഗോൾ നേടിയത്. പതിനൊന്നാം മിനിറ്റിൽ പെനാൽറ്റിയിലൂടെ നൈമറും ​ഗോൾ കണ്ടെത്തുകയായിരുന്നു. മത്സരത്തിന്റെ 28ാം മിനിറ്റിലാണ് റിച്ചാർലിസന്റെ ​ഗോൾ പിറന്നത്. 36ാം മിനിറ്റിൽ വിനീഷ്യസിന്റെ പാസിൽ നിന്നുമാണ് പെക്വുറ്റ ​ഗോൾ നേടിയത്. ഈ ലോകകപ്പിലെ റിച്ചാർലിസന്റെ മൂന്നാം ​ഗോളാണിത്.

പരുക്കിൽ നിന്ന് മുക്തനായ നെയ്മറിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയാണ് പരിശീലകൻ ടിറ്റെ ടീമിനെ പ്രഖ്യാപിച്ചത്. മടങ്ങി വരവ് ​ഗംഭീരമാക്കാൻ നെയ്മറിനായി. ലോകകപ്പ് പ്രീ ക്വാർട്ടറിൽ ദക്ഷിണ കൊറിയയെ നേരിട്ട ബ്രസീൽ ടീമിൽ നെയ്മർ തിരിച്ചെത്തിയത് ആരാധകർക്കും ആവേശമായി. പരുക്ക് മൂലം കഴിഞ്ഞ മത്സരങ്ങളിൽ കളിക്കാതിരുന്ന ഡനീലോയും ആദ്യ ഇലവനിലുണ്ടായിരുന്നു.