സാമൂഹിക സുരക്ഷാപെൻഷൻ: വരുമാനം കൂടിയവരെ ഒഴിവാക്കും, 5,00,000 പേർ ഒഴിവായേക്കും
തിരുവനന്തപുരം: വർഷം ഒരുലക്ഷം രൂപയിലേറെ കുടുംബവരുമാനമുള്ളവരെ സാമൂഹിക സുരക്ഷാ പെൻഷനിൽനിന്ന് കർശനമായി ഒഴിവാക്കാൻ ധനവകുപ്പ്. പഞ്ചായത്ത് ഡയറക്ടർക്കും നഗരകാര്യ ഡയറക്ടർക്കും ഇതിന് നിർദേശം നൽകി. പെൻഷൻ വാങ്ങുന്നവരിൽനിന്ന് അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സെപ്റ്റംബർമുതൽ വരുമാനസർട്ടിഫിക്കറ്റ് ശേഖരിക്കുന്നുണ്ട്. ഫെബ്രുവരി 28-നകം നൽകണം. വരുമാനം വിലയിരുത്തി പരിധിക്ക് പുറത്തുള്ളവരെ ഒഴിവാക്കും. അഞ്ചുലക്ഷം പേരെങ്കിലും ഒഴിവാകുമെന്നാണ് ധനവകുപ്പ് കരുതുന്നത്.
ഇപ്പോൾ 50.5 ലക്ഷം പേരാണ് മാസം 1600 രൂപവീതം പെൻഷൻ വാങ്ങുന്നത്. ഇതിനുപുറമേ, ഏഴുലക്ഷത്തില്പരംപേർ ക്ഷേമനിധി ബോർഡുകളിൽ അംഗങ്ങളായി ക്ഷേമപെൻഷൻ വാങ്ങുന്നവരാണ്. അവർക്ക് വരുമാനപരിധി ബാധകമല്ല. മാസം 800 കോടി രൂപയാണ് പെൻഷന് വേണ്ടിവരുന്നത്.
വരുമാനം ഒരുലക്ഷം കവിയരുത് എന്ന ചട്ടം 2010 മുതൽ നിലവിലുണ്ട്. 2014-ൽ പാർലമെന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായി ഉമ്മൻചാണ്ടി സർക്കാർ വരുമാനപരിധി മൂന്നുലക്ഷമാക്കി ഉയർത്തി. പത്തുമാസം കഴിഞ്ഞപ്പോൾ ആ സർക്കാർതന്നെ അത് പിൻവലിച്ച് വീണ്ടും ഒരു ലക്ഷമാക്കി. ഇതോടെ പെൻഷൻ വാങ്ങുന്നവർ വരുമാനത്തിന്റെ കാര്യത്തിൽ രണ്ടുതട്ടിലായി.
അന്ന് വരുമാനപരിധി ഉയർത്തിയപ്പോൾ ഒമ്പത് ലക്ഷം പേരാണ് പുതുതായി പെൻഷന് അർഹതനേടിയത്. നിലവിലെ വരുമാനപരിധി കർശനമാക്കുന്നതോടെ അവരിൽ ഇനിയും പെൻഷൻ വാങ്ങുന്ന ഭൂരിഭാഗം പേരും ഒഴിവാക്കപ്പെടും.
കുടുംബവരുമാനം കണക്കാക്കുന്നത് ഇങ്ങനെ
പെൻഷൻ വാങ്ങുന്ന വ്യക്തി താമസിക്കുന്ന വീട്ടിലെ എല്ലാവരുടെയും വാർഷിക വരുമാനം പരിഗണിക്കും. ഇതിൽ വിവാഹിതരായ മക്കളുടെ വരുമാനം ഒഴിവാക്കി, ശേഷിക്കുന്നത് ആ വ്യക്തിയുടെ കുടുംബവരുമാനമായി കണക്കാക്കണമെന്നാണ് തദ്ദേശസ്ഥാപനങ്ങൾക്ക് നൽകിയ നിർദേശം.
ക്ഷേമപെൻഷൻ രണ്ടുമാസമായി കുടിശ്ശിക
സാമൂഹിക സുരക്ഷാ പെൻഷനും ക്ഷേമനിധി ബോർഡുകൾ വഴിയുള്ള ക്ഷേമപെൻഷനും വീണ്ടും കുടിശ്ശികയായി. ഡിസംബർ, ജനുവരി മാസങ്ങളിലെ പെൻഷൻ നൽകാൻ ഇതുവരെ തീരുമാനമായിട്ടില്ല. ഈയാഴ്ചതന്നെ ഇത് തീരുമാനിക്കുമെന്ന് ധനവകുപ്പ് വൃത്തങ്ങൾ പറഞ്ഞു.
രണ്ടുമാസത്തേക്ക് 1600 കോടി രൂപവേണം. ഇതുകൂടി കണക്കിലെടുത്താണ് സംസ്ഥാനം 2000 കോടിയുടെ കടപ്പത്രം ഇറക്കിയത്. ഇതിന്റെ ലേലം ചൊവ്വാഴ്ച നടക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്