കേരളത്തിൽ ഗോവധ നിരോധനം ഏർപ്പെടുത്തുമെന്ന് പ്രിയങ്ക പറഞ്ഞിട്ടില്ല


വിവാദച്ചൂടിൽ അകപ്പെട്ട് നട്ടം തിരിയുകയാണ് കേരളത്തിലെ രാഷ്ട്രീയ മണ്ഡലം. നീറിപ്പുകഞ്ഞു കൊണ്ടിരിക്കുന്ന വിവാദങ്ങൾക്ക് പുതിയ തലം നൽകുംവിധം സമൂഹ മാധ്യമങ്ങളിൽ ഒരു പ്രചാരണം ശക്തമാകുന്നുണ്ട്. രാജ്യമാകമാനം എന്നും വിവാദമായ ഗോവധം തന്നെയാണ് ഇവിടെയും വിഷയം. കോൺഗ്രസ്സ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ കേന്ദ്രബിന്ദുവാക്കിയാണ് പ്രചാരണങ്ങൾ നടക്കുന്നത്. കോൺഗ്രസ്സ് കേരളത്തിൽ അധികാരത്തിൽ വന്നാൽ ഇവിടെയും ഗോവധ നിരോധനം ഏർപ്പെടുത്തുമെന്ന് പ്രിയങ്ക പറഞ്ഞതായാണ് അവകാശവാദം. ഇതിലെ വാസ്തവം അന്വേഷിക്കുന്നു.

അന്വേഷണം

ഗോവധ നിരോധനത്തിനെതിരെ അതിശക്തമായി നിലകൊള്ളുന്ന ഒരു രാഷ്ട്രീയ-സാമൂഹിക പശ്ചാത്തലമാണ് കേരളത്തിനുള്ളത്. അതിനാൽ, പ്രിയങ്ക ഗാന്ധിയുടെ ഭാഗത്തുനിന്ന് ഇത്തരത്തിലെന്തെങ്കിലും ഒരു പ്രസ്താവനയുണ്ടായാൽ ദേശീയതലത്തിൽ തന്നെ വലിയ വാർത്തയാകേണ്ടതാണ്. പക്ഷെ, ഇതുമായി ബന്ധപ്പെട്ട ഒരു വാർത്തയും കണ്ടെത്താനായില്ല. പ്രിയങ്ക ഗാന്ധിയുടെ സമൂഹ മാധ്യമ അക്കൗണ്ടുകൾ പരിശോധനാ വിധേയമാക്കിയെങ്കിലും ഈ വിധമുള്ള പ്രസ്തവാനകളൊന്നും അവയിലുമുണ്ടായിരുന്നില്ല. പ്രിയങ്ക ഗാന്ധി അടുത്തിടെ നടത്തിയ പ്രസംഗങ്ങളിലും ഗോവധ നിരോധനവുമായി ബന്ധപ്പെട്ട പ്രസ്താവനകൾ ഉണ്ടായിരുന്നില്ല.

വാസ്തവം

കേരളത്തിൽ കോൺഗ്രസ് അധികാരത്തിലേറിയാൽ ഗോവധം നിരോധിക്കുമെന്ന് പ്രിയങ്ക ഗാന്ധി പ്രസ്താവന നടത്തിയെന്ന പ്രചാരണം വ്യാജമാണ്. പ്രിയങ്കയുടെ ഭാഗത്തുനിന്ന് അത്തരത്തിലൊരു പ്രസ്താവനയുണ്ടായിട്ടില്ല.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍