കരിപ്പൂർ വിമാനത്താവളം വഴി സ്വർണ കടത്ത് ; ഒരു കോടി 17 ലക്ഷം രൂപയുടെ സ്വർണവുമായി കുന്ദമംഗലം സ്വദേശിനിയായ യുവതി പോലീസ് പിടിയിൽ


ജിദ്ദയില്‍ നിന്നും കരിപ്പൂർ വിമാനത്താവളം വഴി ഇന്ത്യയിലേക്ക് കസ്റ്റംസിനെ വെട്ടിച്ച്  കടത്താന്‍  ശ്രമിച്ച 1884  ഗ്രാം സ്വര്‍ണ്ണമാണ്  പോലീസ് പിടിച്ചെടുത്തത്. സംഭവത്തില്‍  ഒരു യുവതിയെ പോലിസ് അറസ്റ്റ് ചെയ്തു.

ജിദ്ദയില്‍ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കുന്ദമംഗലം     സ്വദേശി ഷബ്ന (33)  ആണ് 1884 ഗ്രാം 24 ക്യാരറ്റ്  സ്വര്‍ണ്ണം സഹിതം  എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ് പിടിയിലായത്.

1884  ഗ്രാം സ്വര്‍ണ്ണം മിശ്രിത രൂപത്തില്‍  പാക് ചെയ്ത്   വസ്ത്രത്തിനുള്ളില്‍  ഒളിപ്പിച്ച് കടത്താനാണ്  യുവതി ശ്രമിച്ചത്. അഭ്യന്തര വിപണിയില്‍ ഒരു കോടി 17 ലക്ഷം  രൂപ വില വരും  പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന് . ജിദ്ദയില്‍   നിന്നെത്തിയ സ്പൈസ് ജെറ്റ് (SG 54) വിമാനത്തിലാണ്  യുവതി കാലികറ്റ് എയര്‍പോര്‍ട്ടിലിറങ്ങിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം വിമാനത്താവളത്തിന്‌  പുറത്തിറങ്ങിയ യുവതിയെ, മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത്  ദാസ് ഐപിഎസിന് ലഭിച്ച രഹസ്യ  വിവരത്തിന്റെ അടിസ്ഥാനത്തില്‍  പോലീസ്  കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കസ്റ്റഡിയിലെടുത്ത യുവതിയെ മണിക്കൂറുകളോളം പോലീസ്  തുടര്‍ച്ചയായി  ചോദ്യം ചെയ്തെങ്കിലും ആത്മ ധൈര്യത്തോടെ  യുവതി എല്ലാം  നിഷേധിച്ചുകൊണ്ടിരുന്നു. താന്‍ ഗോള്‍ഡ് ക്യാരിയറാണെന്നോ 
തന്‍റെ പക്കല്‍ സ്വര്‍ണ്ണമുണ്ടെന്നോ സമ്മതിക്കാന്‍ യുവതി തയ്യാറായില്ല. 

 തുടര്‍ന്ന് ഷബ്‌നയുടെ  ലഗ്ഗേജ് ബോക്സുകള്‍ ഓപ്പണ്‍ ചെയ്തു വിശദമായി പരിശോധിക്കുകയും തുടര്‍ന്ന്  യുവതിയുടെ ദേഹം പരിശോധിച്ചിട്ടും സ്വര്‍ണ്ണം കണ്ടെത്താനായില്ല. 

 ശേഷം യുവതി സഞ്ചരിച്ച വാഹനം പരിശോധിച്ചപ്പോഴാണ് കാറിന്‍റെ ലഫ്റ്റ് ഡോര്‍ പോക്കറ്റില്‍ നിന്നും സ്വര്‍ണ്ണ മിശ്രിത മടങ്ങിയ പാക്കറ്റ് കണ്ടെത്തിയത്. സ്വീഷ്വര്‍ മഹസര്‍ പ്രകാരം ബന്ധവസ്സിലെടുത്ത  പാക്കറ്റിന് 1884 ഗ്രാം ഭാരമുണ്ടായിരുന്നു. വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കൊണ്ടുവന്ന സ്വര്‍ണ്ണം  എയര്‍പോര്‍ട്ടിനകത്ത് വെച്ച് തന്‍റെ ഹാന്റ്ബാഗ് നകത്തേക്ക് മാറ്റിയിരുന്നു യുവതി. പോലീസ് സമീപിച്ചപ്പോഴാണ് ബാഗില്‍ നിന്നും കാറിലെ ഡോര്‍ പോക്കറ്റിലേക്ക് മാറ്റിയത്.

പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ സമര്‍പ്പിക്കും, അതൊടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസിനും സമര്‍പ്പിക്കും. 

ഈ വര്‍ഷം കാലിക്കറ്റ് എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ്  പിടികൂടുന്ന 17-ാമത്തെ സ്വര്‍ണ്ണക്കടത്ത് കേസാണിത്. ഇതിനോടകം 107 സ്വര്‍ണ്ണക്കടത്തു കേസുകളും 7 സ്വര്‍ണ്ണ കവര്‍ച്ചാ സംഘങ്ങളേയും പോലീസ് കരിപൂര്‍ എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പിടികൂടിയിട്ടുണ്ട്.