കട്ടിപ്പാറ : എന്നും കുഞ്ഞു മനസുകളെ മോഹിപ്പിച്ച പ്രിയപ്പെട്ട അമ്പിളിമാമന്റെ മടിത്തട്ടിൽ ആദ്യമായി മനുഷ്യസ്പർശമേറ്റതിന്റെ ഓർമകൾ അയവിറക്കിക്കൊണ്ട് , കന്നൂട്ടിപ്പാറ ഐയുഎം എൽ പി സ്കൂളിൽ ചാന്ദ്രദിനാഘോഷം പൊടിപൊടിച്ചു.
  1969 ജൂലൈ 21 ന് ആദ്യമായി ചന്ദ്രനിൽ കാൽ കുത്തിയ നീൽ ആംസ്ട്രോങ്ങുമായി കുട്ടികൾ നടത്തിയ ഭാവനാ സംവാദം ഏറെ രസകരമായ അനുഭവമായി. പ്രധാനാധ്യാപകൻ അബുലൈസ് തേഞ്ഞിപ്പലം ഉദ്ഘാടന പ്രസംഗത്തിൽ ചന്ദ്രയാൻ-3 ദൗത്യത്തെക്കുറിച്ചും ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയുടെ കുതിപ്പുകളെക്കുറിച്ചും ലളിതമായി പ്രതിപാദിച്ചു.
   റോക്കറ്റ് നിർമ്മാണം, പോസ്റ്റർ നിർമ്മാണം, പ്രശ്നോത്തരി, അമ്പിളിക്കവിതാ രചന മുതലായ പ്രവർത്തനങ്ങളിൽ കുട്ടികൾ താൽപര്യത്തോടെ പങ്കെടുത്തു.
  പരിപാടികൾക്ക് കെ.ടി ആരിഫ്, കെ.പി ജസീന, ദിൻഷ ദിനേശ്, കെ.സി ശിഹാബ്, പി.പി. തസ്ലീന, ഫൈസ് ഹമദാനി, ടി. ഷബീജ്, എം.നിഷാന , ഇ. പി മുൻസില മുതലായവർ നേതൃത്വം നൽകി.