കളമശ്ശേരി സ്‌ഫോടനം: സംസ്ഥാനത്ത് ജാഗ്രതാനിര്‍ദേശം

തിരുവനന്തപുരം: കളമശ്ശേരിയില്‍ യഹോവാസാക്ഷികളുടെ മേഖലാ സമ്മേളനം നടക്കുന്ന കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ച് പോലീസ്. സംസ്ഥാനത്തെ പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഞായറാഴ്ച രാവിലെ ഒന്‍പതരയോടെയുണ്ടായ സ്‌ഫോടനപരമ്പരയില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും 36 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ രണ്ട്‌ പേരുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരില്‍ രണ്ടുപേര്‍ കുട്ടികളാണ്.

മൂന്നുവട്ടം പൊട്ടിത്തെറിയുണ്ടായെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. രണ്ടായിരത്തില്‍ അധികം പേരാണ് കണ്‍വെന്‍ഷന്‍ സെന്ററില്‍ മേഖലാസമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്നതെന്നാണ് വിവരം.


സ്‌ഫോടനം നടന്ന സ്ഥലത്തേക്ക് സംസ്ഥാന പോലീസിലെ ഉന്നതോദ്യോഗസ്ഥരും തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരും എത്തിച്ചേര്‍ന്നിട്ടുണ്ട്. എന്‍.ഐ.എസംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.