തോണി മറിഞ്ഞ് രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

കോഴിക്കോട്: വടകര ചെരണ്ടത്തൂരില്‍ തോണി മറിഞ്ഞ് രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. മീന്‍ പിടിക്കാന്‍ പോയവരാണ് അപകടത്തില്‍പെട്ടത്. എടത്തുംകര സ്വദേശികളായ ആദിദേവ (17), ആദികൃഷ്ണന്‍ (17) എന്നിവരാണ് മരിച്ചത്.

കൂടെ ഉണ്ടായിരുന്ന 17 വയസുകാരന്‍ അഭിമന്യു രക്ഷപ്പെട്ടു. മീന്‍ പിടിക്കാനായി പോയപ്പോള്‍ മാഹി കനാലില്‍ വച്ചാണ് അപകടമുണ്ടായത്. മാഹി കനാലില്‍ ഫൈബര്‍ ബോട്ടില്‍ മീന്‍ പിടിക്കുമ്പോള്‍ ഇന്ന് വൈകിട്ടാണ് അപകടം നടന്നത്. ഫൈബര്‍ ബോട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. ബോട്ട് മറിഞ്ഞപ്പോള്‍ ആദിദേവും ആദി കൃഷ്ണനും പായലില്‍ കുടുങ്ങി മുങ്ങിപ്പോവുകയായിരുന്നു. നീന്തി കരക്കെത്തിയ അഭിമന്യു നാട്ടുകാരെ വിവരം അറിയിച്ചാണ് ഇരുവരെയും പുറത്തെടുത്തത്.

ആദിദേവയെയും ആദി കൃഷ്ണനെയും ഉടന്‍ തന്നെ വടകരയിലെയും തിരുവള്ളൂരിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ആദിദേവിന്റേയും ആദി കൃഷ്ണന്റേയും മൃതദേഹങ്ങള്‍ വടകര ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.