വിശുദ്ധ ഖുർആൻ മുഴുവൻ പതിനൊന്നാം വയസ്സിൽ ഹൃദിസ്ഥമാക്കിയ ഹംദ ഫജ്ർ
പൂനൂർ: വിശുദ്ധ ഖുർആൻ മുഴുവൻ ഹൃദിസ്ഥമാക്കിയ പൂനൂർ 19ലെ ഹംദ ഫജ്ർ നാടിന്നഭിമാനമായി. പതിനേഴ് മാസത്തെ കഠിന പ്രയത്നത്തിലൂടെയാണ് പതിനൊന്നുകാരി ഹംദ ഫജ്ർ അപൂർവ്വ നേട്ടം കൈവരിച്ചത്. നൗഷാദ് മദനി കാക്കവയലിന്റെയും ഹസ്നയുടെയും മകളാണ് മിടുക്കി. സ്കൂളിലെ അഞ്ചാം ക്ലാസ് പഠനത്തിനിടയിലാണ് ഖുർആൻ പഠിക്കാനുള്ള മോഹം കുട്ടിയുടെ മനസ്സിൽ ഉദിക്കുന്നത്. തജ്‌വീദ് ട്രെയിനർ കൂടിയായ പിതാവിന്റെ അതി മനോഹരമായ ഖുർആൻ പാരായണം കൊച്ചുന്നാളിലെ കേൾക്കാൻ ഭാഗ്യം ലഭിച്ച ഹംദ ഫജ്റിന് ഖുർആൻ പഠിക്കാനുള്ള പ്രചോദനം ലഭിക്കുന്നതും പിതാവിൽ നിന്നു തന്നെ. മകളുടെ ആഗ്രഹം മനസ്സിലാക്കിയ നൗഷാദ് മദനി വയനാട് ജില്ലയിലെ കമ്പളക്കാടിനടുത്ത മില്ലു മുക്ക് നജ്മുൽ ഹുദ തഹ്ഫീളുൽ ഖുർആൻ ലിൽ ബനാത്ത് കണിയാമ്പറ്റ എന്ന സ്ഥാപനത്തിൽ ചേർക്കുകയായിരുന്നു. ഹുസൈൻ മൗലവി പ്രിൻസിപ്പലായി പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ സുഹറ ടീച്ചറായിരുന്നു ഹംദയുടെ അധ്യാപിക. തജ് വീദ് ക്ലാസിനെത്തിയിരുന്നത് പിതാവും. മുഴുവൻ സമയ പിന്തുണയുമായി മാതാവ് ഹസ്നയും ഒപ്പം നിന്നു. ഒറ്റ സ്ഥാപനത്തിൽ ഒരു ടീച്ചറുടെ കീഴിൽ പഠിക്കാൻ സാധിച്ചു എന്നതും ഒരു ഭാഗ്യമായി കരുതുകയാണ് ഈ വിദ്യാർഥിനി. മറ്റുള്ളവർ രണ്ടും മൂന്നും വർഷം കൊണ്ട് ഖുർആൻ പഠനം പൂർത്തിയാക്കുമ്പോൾ കേവലം 17 മാസം കൊണ്ട് ഖുർആൻ മുഴുവൻ ഹൃദിസ്ഥമാക്കി എന്ന അപൂർവ്വ നേട്ടവും ഹംദ ഫജ്റിന് സ്വന്തം.
വിശുദ്ധ ഖുർആൻ മന:പാഠമാക്കിയ ഹംദ ഫജ്റിനെ വയനാട് മില്ലുക്ക് ടൗൺ അൽ ഫിത്വ്‌റ മദ്റസ ഹാളിൽ വെച്ച് കണിയാമ്പറ്റ പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സി. സ്നേഹോപഹാരം നൽകി ആദരിച്ചു.
കോളിക്കൽ ഐ ക്യു എസ് ആർ ഹാളിൽ ചേർന്ന അനുമോദന ചടങ്ങിൽ മലയിൽ പോക്കർ ഉപഹാരം നൽകി. നൗഫൽ മൂന്നിയൂർ, എ.വി.മുഹമ്മദ്, വി.കെ. ജാബിർ, പി.പി. സലാം മാസ്റ്റർ, പി.പി. അബ്ദുൽ അസീസ് എന്നിവർ പ്രസംഗിച്ചു.
