യുവാവിനെ ആക്രമിച്ച് കാറും 68 ലക്ഷവും കവർന്ന സംഭവം: ഒരാൾ കൂടി പിടിയിൽ
താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ പട്ടാപ്പകൽ കാർ തടഞ്ഞുനിർത്തി യുവാവിനെ ആക്രമിച്ച് അകത്തുണ്ടായിരുന്ന 68 ലക്ഷം രൂപയും മൊബൈൽ ഫോണും ഉൾപ്പടെ കാർ തട്ടിയെടുത്ത് കടന്നുകളഞ്ഞ സംഭവത്തിൽ കവർച്ചാസംഘത്തിൽപെട്ട ഒരാൾ കൂടി പിടിയിൽ. തൃശൂർ പാലിയേക്കര പുലക്കാട്ടുകര നെടുമ്പിള്ളിവീട്ടിൽ എൻ.കെ.ജിനേഷ് കുമാറി(42)നെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജിനേഷിനെ തൃശൂരിലെ വീട്ടിൽ വെച്ചാണ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാൻഡ് ചെയ്തു.
തൃശൂർ കേന്ദ്രീകരിച്ചുള്ള കുഴൽപ്പണകവർച്ചാസംഘത്തിൽ ഉൾപ്പെട്ട എൻ.കെ.ജിനേഷ് കുമാർ ആദ്യവസാനം കവർച്ചയുടെ ഭാഗമായതായി അന്വേഷണസംഘം പറയുന്നു. കവർച്ചയ്ക്ക് ശേഷം ആദ്യഘട്ടത്തിൽ ഒരു ലക്ഷം രൂപയാണ് സംഘം തനിക്ക് നൽകിയതെന്നാണ് ഇയാൾ പോലീസിന് നൽകിയ മൊഴി. ജിനേഷിന്റെ അറസ്റ്റോടെ കർണാടക മൈസൂർ ലഷ്‌കർ മൊഹല്ല സ്വദേശി വിശാൽ ദശത് മഡ്കരി (27)യെ 13-ന് രാവിലെ എട്ട് മണിയ്ക്ക് താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവിന് താഴെ വെച്ച് ആക്രമിച്ച് പണവും കാറും കവർന്ന കേസിൽ ഇതിനകം പിടിയിലായവരുടെ എണ്ണം ആറായി.
തൃശൂർ കൊടുങ്ങല്ലൂർ പുല്ലൂറ്റ് അലങ്കാരത്ത്പറമ്പിൽ വീട്ടിൽ ഷാമോൻ (23), എറണാകുളം ചെട്ടിക്കാട് കുഞ്ഞിത്തെ കളത്തിൽവീട്ടിൽ തോമസ് എന്ന തൊമ്മൻ (40), താമരശ്ശേരി മൂന്നാംതോട് മുട്ടുകടവ് സുബീഷ് എന്ന കുപ്പി സുബീഷ് (40), കണ്ണൂർ ഇരിട്ടി പായം കോയിലേരി ഹൗസിൽ അജിത്ത് ഭാസ്‌കരൻ (30), പന്തീരങ്കാവ് മൂർഖനാട് പാറക്കൽ താഴം അബ്ദുൽ മെഹറൂഫ് (33) എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍