എൻ.എസ്.എസ്. ക്യാമ്പുകളിൽ സകല വൃത്തികേടുകളും പഠിപ്പിക്കുന്നു -പി.എം.എ. സലാം


മലപ്പുറം: ഹയർസെക്കൻഡറി സ്‌കൂളുകളിൽ നടക്കുന്ന നാഷണൽ സർവീസ് സ്‌കീം (എൻ.എസ്.എസ്.) ക്യാമ്പുകളിൽ സകല വൃത്തികേടുകളും പഠിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് മുസ്‍ലിംലീഗ് സംസ്ഥാന ജനറൽസെക്രട്ടറി പി.എം.എ. സലാം. മലപ്പുറത്ത് മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്യാമ്പുകളിൽ പഠിപ്പിക്കുന്നത് സ്വവർഗരതിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണെന്ന് അദ്ദേഹം ആരോപിച്ചു. പുതിയ എൻ.എസ്.എസ്. പാഠ്യപദ്ധതിയിൽ അനാവശ്യമായ കാര്യങ്ങളാണു പറയുന്നത്. അധ്യാപകർക്കുനൽകിയ മൊഡ്യൂൾ സകല വൃത്തികേടുകളും പഠിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. ജെൻഡർ ന്യൂട്രാലിറ്റി സംബന്ധിച്ച വിഷയം ഉയർന്നപ്പോൾത്തന്നെ അതു പരിഹരിക്കുമെന്ന് സർക്കാർ ഉറപ്പുനൽകിയിരുന്നു. എന്നാൽ അതൊന്നും നടന്നില്ല. എൽ.ജി.ബി.ടി.ക്യു.വിനെ അനുകൂലിച്ചിരുന്ന പാശ്ചാത്യരാജ്യങ്ങൾപോലും ഇത്തരം തീരുമാനങ്ങളിൽനിന്ന് പിറകോട്ടുപോയി. ഇത്തരക്കാരെ അറസ്റ്റുചെയ്ത് ജയിലിലിടാനാണ് റഷ്യയിൽ കോടതി പറഞ്ഞത്. അവരെക്കാൾ വലിയ കമ്യൂണിസത്തിലേക്കാണോ നമ്മൾ പോകുന്നതെന്ന് സലാം ചോദിച്ചു. ലിബറലിസവും മതനിരാസവും കുത്തിക്കയറ്റാനുള്ള വേദികളല്ല വിദ്യാലയങ്ങളും എൻ.എസ്.എസ്. ക്യാമ്പുകളുമെന്നും സലാം പറഞ്ഞു.

ക്രിസ്‌മസ് അവധിക്കാലത്താണ് എല്ലാവർഷവും എൻ.എസ്.എസ്. ക്യാന്പുകൾ നടത്തുന്നത്. സ്‌കൂളുകളിൽ പ്ലസ്‌വൺ വിദ്യാർഥികൾക്കാണ് ക്യാമ്പുകൾ.

രാമക്ഷേത്രത്തിന്റെ വിഷയത്തിൽ ക്ഷണം ലഭിച്ചവരോടാണ് അഭിപ്രായം ചോദിക്കേണ്ടതെന്നായിരുന്നു സലാമിന്റെ മറുപടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍