പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്കൊപ്പം റൊമാന്റിക്ക് ഫോട്ടോഷൂട്ട്; പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍


കര്‍ണാടകയില്‍ സ്‌കൂള്‍ ടൂറിനിടെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്കൊപ്പം റൊമാന്റിക്ക് ഫോട്ടോഷൂട്ട് നടത്തിയ പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍. കര്‍ണാടകയിലെ ചിന്താമണിയിലെ മുരുഗമല്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകയ്ക്ക് എതിരെയാണ് നടപടി ഉണ്ടായത്. സമൂഹമാധ്യമങ്ങളില്‍ ഫോട്ടോഷൂട്ട് വൈറലായതോടെയാണ് കുട്ടിയുടെ മാതാപിതാക്കള്‍ പരാതിയുമായി രംഗത്തെത്തിയത്. വിദ്യാര്‍ത്ഥിയോട് 42കാരിയായ പ്രധാനാധ്യാപിക മോശമായി പെരുമാറിയെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. ഡിസംബര്‍ 22 മുതല്‍ 25 വരെ ഹോരാനാട്, ധര്‍മ്മസ്ഥല, യാന എന്നിവിടങ്ങളിലേക്കായിരുന്നു സ്‌കൂളില്‍ നിന്ന് വിനോദയാത്ര പോയത്.

അധ്യാപിക വിദ്യാര്‍ത്ഥിയെ ചുംബിക്കുകയും വിദ്യാര്‍ത്ഥിയേക്കൊണ്ട് അധ്യാപികയെ എടുത്തുയര്‍ത്തുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇതിന്റെ ചിത്രങ്ങളും എടുത്തു. പരാതി ലഭിച്ചതോടെ വിദ്യാഭ്യാസ വകുപ്പ് അധ്യാപികയ്ക്ക് എതിരെ നടപടിയെടുത്തു. സംഭവം വിവാദമായതിന് പിന്നാലെ അധ്യാപിക ചിത്രങ്ങളും വീഡിയോയും ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്തിരുന്നു. ഇവ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് വിദ്യാഭ്യാസ വകുപ്പു. സംഭവത്തില്‍ ബ്ലോക്ക് എഡ്യുകേഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ട് അനുസരിച്ച് പ്രധാനാധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. ഈ യാത്രയ്ക്കിടയിലാണ് വിവാദ ചിത്രങ്ങള്‍ എടുത്തിട്ടുള്ളത്. മറ്റൊരു വിദ്യാര്‍ത്ഥിയേക്കൊണ്ട് രഹസ്യമായി ചിത്രങ്ങളും വീഡിയോകളും ചിത്രീകരിച്ചതിനാല്‍ ഒപ്പമുണ്ടായിരുന്ന മറ്റ് വിദ്യാര്‍ത്ഥികളോ അധ്യാപകരോ സംഭവം അറിഞ്ഞിരുന്നില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍