പുലിയിറങ്ങി വളർത്തുനായയെ മുഴുവനായും ഭക്ഷിച്ച കുറ്റ്യാടി, പശുക്കടവിൽ കൂട് സ്ഥാപിച്ചു


മരുതോങ്കര : കഴിഞ്ഞ ദിവസങ്ങളിൽ പുലിയുടെ സാന്നിധ്യം ഉണ്ടായിരുന്ന പൂഴിത്തോട് മാവട്ടം, എക്കൽ ഭാ​ഗത്തിന് സമീപം പശുക്കടവ് പൃക്കൻതോട് കോനാട്ട് സന്തോഷിന്റെ വളർത്തുനായയെ മുഴുവനായും പുലി ഭക്ഷിച്ചു. പുലിയിറങ്ങിയെന്ന അഭ്യൂഹത്തെത്തുടർന്ന് പശുക്കടവ് എക്കലിൽ രണ്ടിടങ്ങളിൽ വനംവകുപ്പ് ശനിയാഴ്ച നിരീക്ഷണക്യാമറകൾ സ്ഥാപിച്ചിരുന്നു. വ്യാഴാഴ്ച വൈകുന്നേരമാണ് പൂഴിത്തോട്നിന്ന് എക്കൽ ഭാഗത്തേക്ക് പുലിയെത്തിയതായി അഭ്യൂഹമുയർന്നത്. തുടർന്ന് പോലീസ്, വനം വകുപ്പ് അധികൃതർ പശുക്കടവ് ഭാഗത്ത്‌ എത്തിയിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയെങ്കിലും പുലിയുടെ കാൽപ്പാടുകളോ മറ്റ് സൂചനകളോ ലഭിച്ചില്ല. എന്നാൽ ശനിയാഴ്ച രാത്രി കന്നുകാലി കൂട്ടിൽ കെട്ടിയിട്ടിരുന്ന വളർത്തുപട്ടിയെയാണ് പുലി ഭക്ഷണമാക്കിയത്. സമീപത്തുണ്ടായിരുന്ന കാലികളെ അക്രമിച്ചില്ല. കെട്ടിയിട്ടിരുന്ന നിലയിലായിരുന്നതിനാലാവണം പട്ടിയെ അവിടെതന്നെ നിന്ന് ഭക്ഷിച്ചത്. മരുതോങ്കര പഞ്ചായത്തിലെ 8, 9 വാർഡുകൾ ചേരുന്ന സ്ഥലമാണിത്. വന്യമൃ​ഗങ്ങളുടെയും തോട്ടപ്പുഴുവിന്റെയും ശല്യമുള്ള ഈ പ്രദേശത്തുള്ള ആളുകൾ കൂട്ടത്തോടെ സ്ഥലം വിട്ടുപോയതിനാൽ നാമമാത്രമായ വീടുകൾ മാത്രമേ ഇവിടെ ഇപ്പോഴുള്ളൂ എന്നതും ആശങ്ക വർദ്ധിപ്പിക്കുന്നു. പഞ്ചായത്ത് പ്രസിഡന്റ് സജിത്ത്, മെമ്പർമാരായ ബാബുരാജ്, ഡെന്നീസ് പെരുവേലിൽ, ശോഭ അശോക്, തോമസ് കാഞ്ഞിരത്തിങ്കൽ  മറ്റ് ഗ്രാമപ്പഞ്ചായത്ത് അധികൃതർ, രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ ഫോറസ്റ്റ് പോലീസ് ഉദ്യോ​ഗസ്ഥരുടെ നേതൃത്വത്തിൽ പുലിയെ കുടക്കാൻ കൂട് സ്ഥാപിക്കുകയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തു. 
തുടർച്ചയായി ഉണ്ടാകുന്ന കാട്ടുമൃ​ഗ ആക്രമണത്തിൽ ശക്തമായ വാക്കുകളിൽ പ്രദേശവാസികൾ പ്രതികരിച്ചു. ഇനിയും ഒരു മരണം കൂടി സംഭവിക്കാതെ അതിനുമുന്നേ കാട്ടുമൃ​ഗങ്ങൾ കൃഷിടത്തിൽ ഇറങ്ങുന്നതിനെതിരെ കർഷകർക്ക് തന്നെ അവയെ നശിപ്പിക്കുന്നതിനുള്ള ആവശ്യമായ നിയമനിർമ്മാണം നടത്തണമെന്ന് ജനങ്ങൾ ഒന്നടങ്കം ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം കാട്ടുപോത്തിന്റെ അക്രമണത്താൽ കൊല്ലപ്പെട്ട കർഷകൻ പാലാട്ട് അബ്രഹാമിന്റെ കക്കയം വനമേഖലയോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് പശുക്കടവും.

വനംവകുപ്പ്‌ പ്രദേശത്ത് നിരീക്ഷണം നടത്തുന്നുണ്ട്. വനംവകുപ്പ്‌ ഉദ്യോഗസ്ഥർ,  ഗ്രാമപ്പഞ്ചായത്ത് അധികൃതർ, രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ, നാട്ടുകാർ എന്നിവരടങ്ങുന്ന യോഗം തിങ്കളാഴ്ച ചേരുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍