അന്തർ സംസ്ഥാന മോഷ്ടാവും കാപ്പ പ്രതിയുമായ ഇസ്മയിൽ എന്ന കൂമൻ ഇസ്മയിൽ പോലീസ് പിടിയിൽ.
കോഴിക്കോട്: കുപ്രസിദ്ധ മോഷ്ടാവ് കണ്ണൂര്‍ ഇരിക്കൂര്‍ പട്ടുവം സ്വദേശി ഇസ്മായില്‍ വീണ്ടും പൊലീസ് പിടിയില്‍. കഴിഞ്ഞ തവണ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ അധ്യാപിക മുത്തുലക്ഷ്മിയും പൊലീസ് ഉദ്യോഗസ്ഥനും ഇസ് മായിലിനെ താക്കീത് ചെയ്തിരുന്നു. ഇതോടെ ഇസ്മയില്‍ മോഷണം അവസാനിപ്പിക്കുമെന്നാണ് അന്ന് പലരും കരുതിയത്. എന്നാല്‍ ഇസ്മായില്‍ മോഷണത്തിനിറങ്ങുകയാണുണ്ടായത്.
പാലക്കാട് തൃത്താലയില്‍ നിരവധി വീടുകളില്‍ മോഷണം നടത്തിയതിന് ഇസ്മായിലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്‌കൂള്‍ അധ്യാപികയായ മുത്തുലക്ഷ്മിയുടെ ഉള്‍പ്പെടെയുള്ള വീടുകളിലാണ് അന്ന് പ്രതി മോഷണം നടത്തിയത്. കേസില്‍ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ അധ്യാപികയായ മുത്തുലക്ഷ്മി ഇസ്മായിലിനെ ഉപദേശിച്ചിരുന്നു. ഉപദേശം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
'ഇനി ചെയ്യരുത് ട്ടോ മോന, ഞാനൊരു ടീച്ചറാണ്. കുട്ടികളെ എല്‍കെജി മുതല്‍ പഠിപ്പിക്കുന്ന ടീച്ചറാണ്. അക്ഷരം പറഞ്ഞുകൊടുക്കുന്നതാണ്. എന്റെ 38 വയസ്സിലെ ജീവിതത്തിനിടെ എന്റെ അച്ഛന്‍, അമ്മ, ഭര്‍ത്താവ് എന്നിവരെയൊക്കെ നഷ്ടപ്പെട്ടതാണ്. എനിക്ക് രണ്ട് പെണ്‍കുട്ടികളാണ്. ഈ കുട്ടി ഡിഗ്രി കഴിഞ്ഞതാണ്. അതിനൊരു ജോലി കിട്ടി. ഞങ്ങളെയടുത്ത് ഒന്നുമില്ല. ഇപ്പോഴാണ് എന്റെ കുട്ടിക്കൊരു ജോലി കിട്ടിയത്. ആ ഒരു സാഹചര്യം മനസിലാക്കണം. ഞങ്ങളുടെ മാത്രമല്ല. എല്ലാ വീടുകളിലും ഇതുപോലെയുള്ള ആള്‍ക്കാരാണ്. നല്ലതായിട്ട് പെരുമാറാന്‍ ശ്രമിക്കുക. എന്റെ മോനെപോലെ, എന്റെ മോന്റെ പ്രായേ ആയിട്ടുണ്ടാവുകയുള്ളൂ നിനക്ക്', എന്നായിരുന്നു അധ്യാപികയുടെ വാക്കുകള്‍. ഇതോടെ അവസാനിപ്പിക്കണമെന്ന് അടുത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനും പറഞ്ഞിരുന്നു. ഇതോടെ ഇസ്മായില്‍ മോഷണം അവസാനിപ്പിക്കുമെന്ന് പലരും കരുതി. എന്നാല്‍ അവിടെ അത് അവസാനിച്ചില്ല.
കാപ്പ നിയമപ്രകാരം ജയിലിലായിരുന്ന ഇസ്മായില്‍ ഒന്നരമാസം മുന്‍പാണ് ജയില്‍ വിട്ടത്. പിന്നാലെ തന്നെ മോഷണം ആരംഭിക്കുകയായിരുന്നു. ഇത്തവണ കോഴിക്കോട് പേരാമ്പ്ര വെള്ളിയൂരിലായിരുന്നു ഇസ്മായില്‍ മോഷ്ടിക്കാനെത്തിയത്. ആറ് മണിക്കൂറിനിടെ ഒരു കിലോമീറ്റര്‍ പരിധിയിലെ പത്ത് വീടുകളില്‍ കയറിയ മോഷ്ടാവ് അഞ്ചു പവന്‍ സ്വര്‍ണവും 25,000 രൂപയുമാണ് കവര്‍ന്നത്.
മേയ് ഒന്നിന് രാത്രി 11 മുതല്‍ രണ്ടിന് പുലര്‍ച്ചെ അഞ്ചുവരെ പേരാമ്പ്ര വെള്ളിയൂരിലെ ഒരു കിലോമീറ്റര്‍ പരിധിയില്‍ വരുന്ന വീടുകളിലായിരുന്നു ഇത്തവണ ഇസ്മായിലിന്റെ കവര്‍ച്ച നടന്നത്. ഇതില്‍ മൂന്ന് പൊലീസുകാരുടെ വീടും ഉള്‍പ്പെടുന്നു. ഒരു വീട്ടില്‍ സ്ത്രീയെ ബാത്ത്‌റൂമില്‍ അടച്ചിടുകയും ചെയ്തു. എല്ലാ വീടുകളില്‍ നിന്നുമായാണ് അഞ്ചു പവന്‍ സ്വര്‍ണവും 25,000 രൂപയുമാണ് നഷ്ടപ്പെട്ടത്. മരത്തോല ബബീഷിന്റെ വീട്ടില്‍ നിന്ന് മൂന്നരപ്പവന്‍ സ്വര്‍ണവും 25,000 രൂപയുമാണ് കവര്‍ന്നത്. ഗൃഹനാഥയെ ബാത്ത്‌റൂമില്‍ പൂട്ടിയിട്ടായിരുന്നു മോഷണം. കല്ലങ്കോട്ടുകുനിയില്‍ ബിജുവിന്റെ വീട്ടില്‍ നിന്ന് ഒരു പവന്‍ സ്വര്‍ണാഭരണം കവര്‍ന്നു. കൊടക്കച്ചാലില്‍ അപ്പുക്കുട്ടി നായര്‍, വരട്ടടി ചന്ദ്രന്‍, വരട്ടടി ശശി, കുളപ്പുറത്ത് മീത്തല്‍ ഷാജിമോന്‍ എന്നിവരുടെ വീട്ടില്‍ മോഷണം നടത്തി.
മോഷണമുതല്‍ കോഴിക്കോട് സ്വകാര്യ സ്ഥാപനത്തില്‍ പണയംവെച്ച് പണം വാങ്ങുകയായിരുന്നു. തൃശ്ശൂരിലെ വ്യാപാര സ്ഥാപനത്തില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയപ്പോഴാണ് പൊലീസ് പിടിയിലായത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍